വാരാണസി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാരാണസിയില്‍ വിളിച്ചുചേര്‍ത്ത ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയേഴസ് മീറ്റിന് പിന്നാലെ ഭക്ഷണപ്പൊതിക്കായി അടിപിടി കൂടുന്ന ബി.ജെ.പിയുടെ “സോഷ്യല്‍മീഡിയ വാരിയേഴ്‌സിന്റെ വീഡിയോ വൈറലാകുന്നു.
ബുധനാഴ്ചയായിരുന്നു അമിത് ഷാ നേതൃത്വം നല്‍കുന്ന മീറ്റ് നടന്നത്. 2019 ല്‍ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍ പരിപാടിക്ക് പിന്നാലെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
വേദിയുടെ സമീപത്തായി ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഓടിയെത്തി അടിപിടികൂടി ഭക്ഷണപ്പൊതി പിടിച്ചുവാങ്ങുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയയിലെ “അതിശക്തരായ അംഗങ്ങള്‍” തങ്ങളുടെ ഭക്ഷണപ്പൊതികള്‍ക്കായി പരസ്പരം ഏറ്റുമുട്ടുന്ന ഈ വീഡിയോ ന്യൂസ്24 ആണ് പുറത്തുവിട്ടത്.
ഒരേഭക്ഷണപ്പൊതി ഒന്നിലേറെപ്പേര്‍ വാങ്ങാന്‍ തിരക്കുകൂട്ടുമ്പോള്‍ പൊതികള്‍ ഓരോന്നായി താഴെവീണുപോകുന്നതും വീഡിയോയിലുണ്ട്. സംഗതി വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി പരിപാടിയുടെ സംഘാടകര്‍ രംഗത്തെത്തി.
എല്ലാവര്‍ക്കുമുള്ള ഭക്ഷണപ്പൊതികള്‍ തങ്ങള്‍ കരുതിയിരുന്നെന്നും എന്നാല്‍ 4000 പേര്‍ ഒരേസമയം ഹാളിനകത്തേക്ക് ഒന്നിച്ചെത്തിയതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നുമായിരുന്നു ഒരു നേതാവിന്റെ വിശദീകരണം.
എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സ് ആണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. 20 കൗണ്ടര്‍ ഉണ്ടായിരുന്നെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇവിടെയും തീര്‍ന്നില്ല. ഭക്ഷണം കഴിച്ച് പോയവരെല്ലാം ഭക്ഷണപ്പൊതി വേദിയില്‍ തന്നെ ഉപേക്ഷിച്ചു.
ബെല്‍ജിയത്തിനെതിരെ ഹാട്രിക്ക് നേടൂ; നെയ്മര്‍ക്ക് റഷ്യന്‍ മേയറുടെ വമ്പന്‍ ഓഫര്‍
ഇതിന്റെ ദൃശ്യങ്ങളും ന്യൂസ് 24 പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളിയും നിരവധിപേര്‍ രംഗത്തെത്തി. മോദിയുടെ സ്വച്ഛ് ഭാരതിന്റെ നേര്‍ക്കാഴ്ചയാണ് ഇതെന്നും ബി.ജെ.പി തന്നെയാണ് ഇത്തരമൊരു മാതൃക ജനങ്ങള്‍ക്ക് കാണിച്ചുതരേണ്ടതെന്നുമായിരുന്നു ചിലരുടെ പരിഹാസം. യുദ്ധം കഴിഞ്ഞ സ്ഥലമാണോ ഇതെന്നായിരുന്നു മറ്റുചിലരുടെ ചോദ്യം.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു തീയായി പടരണമെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് സാധിക്കണമെന്നുമായിരുന്നു സോഷ്യല്‍മീഡിയ വാരിയേഴ്‌സിന് അമിത് ഷാ നല്‍കിയ നിര്‍ദേശം.
65 സീറ്റിന്റെ വിജയം മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ജനങ്ങള്‍ 73 സീറ്റ് നല്‍കിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അത് 74 സീറ്റായി ഉയര്‍ത്തണമെന്നും അദ്ദേഹം അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.