| Thursday, 1st November 2018, 1:07 pm

'യെദ്യൂരപ്പയും ബി.ജെ.പിയും ചതിച്ചു'; തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പത്രിക പിന്‍വലിച്ച് പാര്‍ട്ടി വിട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.

ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്.

ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.


മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ബലാത്സംഗം; ബി.ജെ.പി മുന്‍ മന്ത്രിക്കെതിരെ ജാമ്യമില്ലാവകുപ്പ്, മന്ത്രി ഒളിവില്‍


യെദ്യൂരപ്പയും ബി.ജെ.പിയും തന്നെ ചതിച്ചുവെന്നാണ് ചന്ദ്രശേഖറിന്റെ ആരോപണം. സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആരും മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ല, ബലിയാടാക്കി വിജയസാധ്യതയില്ലാത്തിടത്ത് മത്സരിപ്പിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടതിനും കോണ്‍ഗ്രസില്‍ ചേരാനും കാരണം ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ജെ.ഡി.എസിന്റെ ഉറച്ച സീറ്റാണ് രാമനഗര്‍. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാമനഗരിയിലെ എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടം ഉപതെരഞ്ഞെടുപ്പിലേക്കെത്തിയത്. ചിന്നപ്പട്ടണ നിലനിര്‍ത്തിയാണ് കുമാരസ്വാമി രാമനഗര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു. മധുഗിരിയില്‍ നിന്ന് നേരത്തെ നിയമസഭയിലെത്തിയ ചരിത്രവും അനിതയ്ക്കുണ്ട്.

രാമനഗര ജനതാദള്‍ എസിന്റെ ഉറച്ച മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണിത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലായിരുന്നു മത്സരം.

സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച സാഹചര്യത്തില്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നേതൃത്വം തീരുമാനമെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 69,990 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 4871 വോട്ടാണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള പാര്‍ട്ടികള്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്.

കര്‍ണ്ണാടകയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. മാണ്ഡ്യ, ബല്ലാരി, ഷിവമോഗ എന്നീ ലോക്സഭാ സീറ്റുകളിലേക്കും ജമാകാന്ദി, രാമനഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പിക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് ചന്ദ്രശേഖറിന്റെ പിന്മാറ്റം.

We use cookies to give you the best possible experience. Learn more