ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബി.ജെ.പി നേതാവ് പ്രേം ശുക്ല. രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രിയങ്ക ട്വിറ്ററില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയെന്ന നിലയിലുള്ള ട്വീറ്റിലാണ് പ്രേം ശുക്ല അവരെ വേശ്യയെന്ന് വിളിച്ചത്.
“രാഹുല്‍ഗാന്ധിയുടെ ഒരു പ്രസംഗത്തില്‍ തന്നെ ബി.ജെ.പി നിരാശരായി” എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. “കോണ്‍ഗ്രസിനും അവരുടെ വേശ്യ വക്താവിനുമാണ് നിരാശ” എന്നായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രേം ശുക്ല ട്വീറ്റു ചെയ്തത്.
ഇതിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമില്ലാതായതോടെ സ്ത്രീകളോടുള്ള ബി.ജെ.പിയുടെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തി.
” കടുത്ത നിരാശയില്‍ ബി.ജെ.പി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു. സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ” എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്ക ഈ മറുപടി കുറിച്ചത്.
പ്രേം ശുക്ലയുടെ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററില്‍ നിന്നും ഉയര്‍ന്നുവന്നത്. എന്നാല്‍ ഈ ട്വീറ്റ് പിന്‍വലിക്കാനോ ഖേദപ്രകടനം നടത്തതാനോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.