| Monday, 3rd February 2020, 7:30 pm

രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാനെന്ന് മാറ്റിപ്പറഞ്ഞ് ബി.ജെ.പി എം.പി; 'പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളെല്ലാം ജയ് ശ്രീറാം വിളിക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാനെന്ന് മാറ്റിപ്പറഞ്ഞ് ബി.ജെ.പി നേതാവും എം.പിയുമായ പര്‍വേശ് വര്‍മ്മ. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാന്‍ സര്‍ക്കാരല്ല, നരേന്ദ്രമോദി സര്‍ക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം എടുത്തുമാറ്റുമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഷാഹീന്‍ ബാഗില്‍ സി.എ.എക്കെതിരെ നടക്കുന്ന പ്രതിഷേധം രാജ്യദ്രോഹ നടപടിയാണ്. ഇന്ത്യയില്‍നിന്നും അസമും ജമ്മു കശ്മീരും വിട്ടുപോകണം എന്നാഗ്രഹിക്കുന്നവരാണ് പ്രതിഷേധക്കാര്‍. അവര്‍ക്ക് ജിന്നയുടെ ആസാദിയാണ് ആവശ്യം. ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. ഇത് നരേന്ദ്ര മോദി സര്‍ക്കാരാണ്. എന്തുചെയ്താലും പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റില്ല’, പര്‍വേശ് വര്‍മ്മ പറഞ്ഞു.

ഇന്ദിരാ നെഹ്‌റു വിവാഹം ചെയ്തത് പാര്‍സിയായ ഫിറോസ് ഖാനെയാണെന്നും വിവാഹം ഹൈന്ദവ ആചാര പ്രകാരം പൈതൃക വീട്ടില്‍വെച്ച് നടത്തിയെന്നേ ഉള്ളു എന്ന വിവാദം പരാമര്‍ശവും പര്‍വേശ് നടത്തി.

പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജയ് ശ്രീറാം വിളിക്കുന്നതില്‍ മടിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജയ് ശ്രീറാം മുദ്രാവാക്യം ഏതെങ്കിലുമൊരു മതത്തിന്റെ പ്രതിരൂപമല്ലെന്നും മറിച്ച് രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ അടയാളമാണെന്നുമാണ് പര്‍വേശ് വര്‍മ്മയുടെ വാദം.

പര്‍വേശ് വര്‍മ്മ സംസാരിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീടും പ്രസംഗം തുടര്‍ന്ന പര്‍വേശ്, ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ രാമന്റെയും കൃഷ്ണന്റെയും ഹനുമാന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഉടനടി ആരംഭിക്കുമെന്നും പാര്‍ലമെന്റ് അംഗങ്ങളെല്ലാം ജയ് ശ്രീറം വിളിക്കാന്‍ തയ്യാറായി ഇരിക്കണമെന്നും പര്‍വേശ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more