പാര്‍ട്ടി കുറച്ചു സീറ്റുകള്‍ മുസ്‌ലീങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവരുടെ അടുത്തേക്ക് പോയി എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്നു
ലക്‌നൗ: യു.പിയില്‍ മുസ്‌ലിം മതസ്ഥര്‍ക്ക് സീറ്റ് നല്‍കാത്ത ബി.ജെ.പി നിലപാടിനെതിരെ ബി.ജെ.പി പ്രവര്‍ത്തകന്‍ രംഗത്ത്. 2012ലെ യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷക്കീല്‍ അലം സെയ്ഫിയാണ് പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഒരു സീറ്റുപോലും മുസ്‌ലീങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് തങ്ങള്‍ യു.പിയിലെ മുസ്‌ലീങ്ങളോട് വോട്ടുചോദിക്കേണ്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
“പാര്‍ട്ടി കുറച്ചു സീറ്റുകള്‍ മുസ്‌ലീങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവരുടെ അടുത്തേക്ക് പോയി എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്നു. പക്ഷെ ഈ നിലയില്‍ അവരോട് വോട്ടു ചോദിക്കുക ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്കു വോട്ടുതരൂ എന്ന് എങ്ങനെയാണ് ഞങ്ങള്‍ അവരോട് ചോദിക്കേണ്ടത്” അദ്ദേഹം ചോദിക്കുന്നു.
” മുസ്‌ലീങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നത് ശരിയാണ്. പക്ഷെ അവരുടെ വോട്ടു നേടാനുള്ള ഒരു ശ്രമവും ബി.ജെ.പി നടത്തുന്നില്ല. യു.പിയില്‍ 403 സീറ്റുകളുണ്ട്. അതിലെല്ലാം തങ്ങള്‍ ജയിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാം. തോല്‍ക്കുമെന്ന് ഉറപ്പുള്ള കുറച്ചു സീറ്റുകളെങ്കിലും കുറച്ചു മുസ്‌ലീങ്ങള്‍ക്കു കൊടുക്കണമായിരുന്നു.” അദ്ദേഹം പറയുന്നു.
2002നുശേഷം ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിയാണ് സെയ്ഫി. ബദൗണിലെ ഷഹാസ്‌വാന്‍ സീറ്റില്‍ മത്സരിച്ച അദ്ദേഹം 2,238 വോട്ടുകള്‍ നേടി ആറാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.
എന്നാല്‍ തന്നെ അത്രമോശം സ്ഥാനാര്‍ത്ഥിയായി കണക്കാക്കേണ്ടെന്നാണ് സെയ്ഫി പറയുന്നത്. 2012ല്‍ 229 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടമായതെന്നും അദ്ദേഹം പറയുന്നു.