| Tuesday, 27th November 2018, 3:56 pm

ബി.ജെ.പിയുടെ ലക്ഷ്യം സി.പി.ഐ.എമ്മിന് എതിരെയുള്ള സമരം മാത്രമായിരുന്നു; കീഴാറ്റൂരില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് വയല്‍കിളികള്‍

അശ്വിന്‍ രാജ്

വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത  കീഴാറ്റൂരിലെ വയലുകളിലൂടെ തന്നെ കടന്നുപോകുമെന്ന്  കേന്ദ്ര സര്‍ക്കാര്‍ അന്തിമ ഓര്‍ഡിനസ് പുറപ്പെടുവിച്ചത്. ഒരു ഞെട്ടലോടെയാണ് വയല്‍ കിളികള്‍ എന്ന് വിളിക്കപ്പെടുന്ന കീഴാറ്റൂര്‍ സമര സമിതി ഈ വാര്‍ത്ത കേട്ടത്. കാരണം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ബൈപ്പാസിന് എതിരായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്ത ബി.ജെ.പി വാഗ്ദാന ലംഘനം നടത്തുകയായിരുന്നു.

കോഴിക്കോട് നല്ലളം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചിരുന്നത്.

ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുമെന്ന് കാണിച്ചായിരുന്നു വയല്‍ കിളികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

Also Read കീഴാറ്റൂര്‍: പ്രകൃതി സംരക്ഷകരുടെ കുപ്പായമിട്ടുള്ള സി.പി.ഐ.എം വാദങ്ങള്‍ക്ക് ഒരു ഇടതനുകൂലിയുടെ മറുപടി

പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍  സര്‍ക്കാരിന് എതിരെ പ്രതിഷേധവുമായി പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തിയത് സി.പി.ഐ.എമ്മിന് ചില്ലറ ക്ഷീണമായിരുന്നില്ല ഉണ്ടാക്കിയത്. തുടര്‍ന്ന് ബി.ജെ.പിയും കേന്ദ്ര നേതൃത്വവും പാത മാറ്റുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘം കീഴാറ്റൂരിലെത്തി പഠനം നടത്തുകയും സുരേഷ് കീഴാറ്റൂരും സംഘവും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കീഴാറ്റൂരിലെ സമരത്തില്‍ നന്ദിഗ്രാമില്‍ നിന്ന് കര്‍ഷകരെ എത്തിക്കുമെന്നും  ബി.ജെ.പി നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് കേന്ദ്രസര്‍ക്കാര്‍ അന്തിമ ഒാര്‍ഡിനസ് ഇറക്കിയത്.

എന്നാല്‍ ഈ മുന്നേറ്റത്തെ സി.പി.ഐ.എമ്മിന് എതിരെയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ മാത്രമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ഈ ഉത്തരവോടെ തെളിഞ്ഞെന്നാണ് സമരം നയിച്ച വയല്‍കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പറുയന്നത്.

“”സി.പി.ഐ.എം പോലുള്ള അതി ശക്തമായ പാര്‍ട്ടി ഗ്രാമത്തില്‍ നടന്നിട്ടുള്ള സമരത്തെ അനുഭാവപൂര്‍ണ്ണം സമീപിക്കുകയും കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍ അതിനൊരു പരിഹാരം ഉണ്ടാക്കാമെന്ന് ബോധം ജനിപ്പിക്കുകയും എന്നാല്‍ അത് കേവലം സി.പി.ഐ.എമ്മിന് എതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി മാത്രം ഉപയോഗിക്കുക എന്ന നിലയിലല്ലാതെ മറ്റൊരു നിലയിലുമുള്ള അടിസ്ഥാന പരമായ പ്രകൃതി സ്‌നേഹമോ പാരിസ്ഥിതിക ബോധമോ ബി.ജെ.പിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം വ്യക്തമാകുകയാണ്. അല്ലെങ്കില്‍ അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത് മാത്രമായിരുന്നു അത്””. സുരേഷ് കീഴാറ്റൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിയിക്കുകയാണ് പുതിയ ഓര്‍ഡിനസിലൂടെയെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. “”പ്രളായാനന്തര കേരളത്തില്‍ വയലുകള്‍ നികത്തപ്പെടുക എന്ന് പറയുന്നത് അപകടകരമാണെന്ന് ഏത് കുട്ടിക്കും അറിയാവുന്ന വസ്തുതയാണ്. അത് കേന്ദ്രമായാലും കേരളമായാലും നമ്മുടെ ബ്യൂറോക്രാറ്റ് ഭരണ സംവിധാനങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് വെളിവാക്കുന്നതാണ് ഇത്””  സുരേഷ് കീഴാറ്റൂര്‍ ഡുള്‍ ന്യൂസിനോട് പറഞ്ഞു.

Also Read  കീഴാറ്റൂരിലേത് പൂര്‍ണമായും ഒരു ജല സമരമാണ്

ഏറെ പ്രതീക്ഷകളോടെ നോക്കി കണ്ടിരുന്ന സമരം ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നത് ഏറെ വിഷമത്തോടെയാണ് കണ്ടെതെന്ന് സമരത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് കൂടിയായ ശ്രീജിത് പറയുന്നത്. “”ഇത് യഥാര്‍ത്ഥത്തില്‍ ഒരു ജല സമരം കൂടിയായിരുന്നു. അവിടെ വാഗ്ദാനങ്ങളുമായി ബി.ജെ.പി എത്തിയപ്പോള്‍ പലരും മുന്നറിയിപ്പ് നല്‍കിയതാണ് എന്നാല്‍ മനസിലാക്കാന്‍ വയല്‍കിളികള്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ മനസിലായി കാണും എന്ന് കരുതുന്നു. അന്ന് സമര പ്രഖ്യാപന സമയത്ത് പിന്തുണ പ്രഖ്യാപിച്ച് എത്തിയ പലരും ബി.ജെ.പിയുടെ ഹൈജാക് കണ്ട് ഏറെ വിഷമത്തോടെയാണ് തിരിച്ച് പോയത് “” എന്നും ശ്രീജിത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ സമരം ഒരിക്കലും ബി.ജെ.പി ഹൈജാക് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. “”ബി.ജെ.പി സമരം ഹെജാക്ക് ചെയ്യുകയായിരുന്നു എന്ന് പറയാന്‍ കഴിയില്ല. കാരണം സി.പി.ഐ.എമ്മിന് നേരെ കിട്ടിയ ഒരു ആയുധമായിരുന്നു ഇത്.ഞങ്ങളെ സംബന്ധിച്ചിടത്തോളം  ഞങ്ങള്‍ ഒരു സമര സമിതിയാണ്. കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിയെന്ന നിലക്ക് ഞങ്ങള്‍ അടിസ്ഥാനപരമായി പല ഭിന്നതകളുണ്ടെങ്കിലും ഒരു പ്രകൃതി സംരക്ഷണം എന്ന നിലയ്ക്ക് പല കാര്യങ്ങളും രാജ്യം ഭരിക്കുന്ന ഒരുരാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമെങ്കില്‍ അതിനെ പിന്തുണയ്ക്കും എന്ന നിലയിലാണ് ഞങ്ങള്‍ നിന്നത് കാരണം ഞങ്ങള്‍ ഒരു സമരസമിതിയാണ്. അത് സ്വാഭാവികമാണ്””. എന്ന് സുരേഷ് പറഞ്ഞു.

പുതിയ ഓര്‍ഡിനസ് പുറത്ത് വന്നതോടെ കീഴാറ്റൂര്‍ സമരം ബി.ജെ.പി സമരമായിരുന്നെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ സമരം ഒരു തരത്തിലും പരാജയപ്പെടില്ലെന്നുമാണ്  സമരാനുകൂലിയായ നിഷാന്ത് പരിയാരം പറയുന്നത്. “”സമരത്തിന് പിന്തുണയുമായി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയിട്ടുണ്ട്. അത്തരം ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബി.ജെ.പി. അതില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ തങ്ങള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അവര്‍ വന്നത്. ഒന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുക്കലില്‍ നിന്ന് നല്ല പ്രഷര്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ടാകണം അല്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പിക്ക് അതിനുള്ള കഴിവ് ഇല്ല”” എന്നും നിഷാന്ത് പറയുന്നു.

സമരത്തില്‍ നിന്ന് എന്തായാലും പിന്മാറില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. പ്രളയാനന്തരം കേരളത്തിലാണ് ശക്തമായി വിഷയങ്ങള്‍ കൂടുതലായി ഉയരേണ്ടത്. ഞങ്ങള്‍ ഇന്നലവരെ വികസന വിരോധികളായിരുന്നു എന്നാല്‍ പ്രളയ ശേഷം മനസിലായ കാര്യമാണ് വയലുകളുടെയും തണ്ണീര്‍തടങ്ങളുടെയും പ്രാധാന്യം. തീര്‍ച്ചയായും ഞങ്ങള്‍ സമരം തുടരും ഞങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ല. എന്നും സുരേഷ് പറഞ്ഞു.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more