| Friday, 13th April 2018, 12:18 am

'കത്വ ബലാത്സംഗത്തിന് പിന്നില്‍ പാകിസ്താന്‍', വിവാദ സിദ്ധാന്തവുമായി ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാണ്ട്വാ: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ വിവാദ പ്രതികരണവുമായി മധ്യപ്രദേശ് ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍. കത്വ ബലാത്സംഗത്തിന് പിന്നില്‍ പാകിസ്താനാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ കണ്ടുപിടുത്തം.

ഈ സംഭവം ആസൂത്രണം ചെയ്തിരിക്കുന്നത് പാകിസ്താനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നന്ദകുമാര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനായാണ് പാകിസ്താന്‍ ഏജന്റുകാര്‍ ജയ് ശ്രീറാം എന്ന മന്ത്രങ്ങളുയര്‍ത്തി കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്, ബി.ജെ.പി എം.പി പറഞ്ഞു.

കശ്മീരിലെ ഹിന്ദുക്കള്‍ അവിടത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്നും അതിനാല്‍തന്നെ അവര്‍ക്ക് സംസാരിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്നും നന്ദകുമാര്‍ സിംഗ് ചൗഹാന്‍ ആരോപിച്ചു. “കശ്മീര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതുപോലൊരു സംഭവം നടന്നുവെങ്കില്‍ അതില്‍ പാക് ഏജന്റുമാരുടെ ഇടപെടല്‍ നടന്നിട്ടുണ്ടാകാം”, അദ്ദേഹം പറഞ്ഞു.


Also Read: നാണമില്ലേ നിങ്ങള്‍ക്ക്…?;അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടിനെതിരെ ഗംഭീര്‍


ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. എട്ടുവയസുകാരിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.

സ്പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.


Watch DoolNews Video:

We use cookies to give you the best possible experience. Learn more