| Tuesday, 29th September 2020, 7:25 pm

ബാബരി മസ്ജിദ് കേസ് വിധി; അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കോടതിയിലെത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് കേസില്‍ പ്രതികളായ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വിധി പ്രഖ്യാപിക്കുന്ന ദിവസം കോടതിയില്ലെത്തില്ല. കേസിലെ പ്രതികളായ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ കോടതിയില്‍ ഹാജരാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിധി പ്രസ്താവിക്കുന്ന ദിവസം കേസിലെ 32 പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു പ്രത്യേക കോടതി നിര്‍ദ്ദേശം. എന്നാല്‍ നിലവില്‍ കൊവിഡ് പടരുന്ന സാഹചര്യമായതിനാല്‍ എല്ലാവരും കോടതിയിലെത്തേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം.

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയേയും ഹാജരാകുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

കേസിലെ പ്രതിയായ ഉമാഭാരതി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മറ്റൊരു പ്രതിയായ കല്യാണ്‍ സിംഗും കൊവിഡ് ചികിത്സയിലാണ്. രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയും കേസില്‍ പ്രതിയാണ്.

അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണകോടതിയ്ക്ക് ആദ്യം സമയം നല്‍കിയിരുന്നത്.

കേസില്‍ 351 സാക്ഷികളെയും 600 ഓളം രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ 48 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇതില്‍ 17 പേര്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കിടെ മരിച്ചു.

1992 ഡിസംബര്‍ ആറിനാണ് രാമജന്മഭൂമി വിവാദത്തെത്തുടര്‍ന്ന് കര്‍സേവ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറേ പേര്‍ കൊല്ലപ്പെട്ടിരുന്നു.

1992 ല്‍ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചിരുന്നു. തുടര്‍ന്ന് 1993 ലാണ് കേസില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  L.K Advani and MM Joshi Wont Come Before Babari Masjid Special Court Verdict

We use cookies to give you the best possible experience. Learn more