| Sunday, 8th October 2017, 8:58 pm

അപ്രതീക്ഷിത ആരോപണത്തില്‍ പതറി ബി.ജെ.പി; പ്രതിരോധിക്കാന്‍ പേയ്ഡ് അക്കൗണ്ടുകളുമായി ഐ.ടി സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാന വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് തുടങ്ങി. ഷായ്‌ക്കെതിരെ കള്ള പ്രചരണം എന്നാ ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ ബി.ജെ.പിയുടെ പ്രതിരോധം.

വാര്‍ത്ത പുറത്തുകൊണ്ടുവന്ന ദ വയറിനെയും മാധ്യമപ്രവര്‍ത്തക രോഹിണി സിംഗിനെയും വ്യാജ വാര്‍ത്തകളുടെ വിദഗ്ദ്ധര്‍ എന്നുപറഞ്ഞാണ് ബി.ജെ.പിയുടെ ക്യാംപെയ്ന്‍. എല്ലാ അക്കൗണ്ടുകളിലും ഇത്തരം കോപ്പി പേസ്റ്റ് ട്വീറ്റുകളാണുള്ളതെന്ന് ജന്‍താ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: കൊലവിളി മുദ്രാവാക്യത്തിനു പിന്നാലെ കണ്ണൂരില്‍ സി.പി.ഐ.എം പ്രകടനത്തിനു നേരെ ബോംബേറ്


പ്രധാനമന്ത്രി പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നു വരെ ഇത്തരം ട്വീറ്റുകള്‍ വരുന്നുണ്ട്. അനധികൃത വരുമാന വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനുശേഷം കോണ്‍ഗ്രസ് ട്വിറ്ററില്‍ അമിത് ഷായുടെ കൊള്ള എന്ന ഹാഷ്ടാഗ് പ്രചരിപ്പിച്ചിരുന്നു.

അതേസമയം ബി.ജെ.പി പേയ്ഡ് അക്കൗണ്ടുകളില്‍ നിന്നാണ് ഹാഷ്ടാഗ് വരുന്നതെന്ന ആരോപണവുമുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.

We use cookies to give you the best possible experience. Learn more