| Tuesday, 27th March 2018, 12:34 pm

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി പുറത്ത് വിട്ട് ബി.ജെ.പി ഐ.ടി സെല്‍തലവന്‍; പ്രതിഷേധവുമായി മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പു തിയതി പുറത്തുവിട്ട് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ.

പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ അമിത് മാളവ്യ തിയതി ട്വീറ്റ് ചെയ്യുകയായിരുന്നു. 11.08 നായിരുന്നു ട്വീറ്റ്.

2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞത്.

മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 15നാണ് വോട്ടെണ്ണല്‍. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായും കമ്മിഷന്‍ പ്രഖ്യാപിച്ചു.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ്. താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് ഉറപ്പ് വരുത്താവുന്ന സംവിധാനമാണ് വിവിപാറ്റ്. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും.

പ്രചാരണ കാലയളവില്‍ ഹരിത ചട്ടം പാലിക്കണം. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ പ്രചാരണം പാടുള്ളൂ. ഫ്ലെക്സുകളും പ്ലാസ്റ്റിക് തോരണങ്ങളും ഉപേക്ഷിക്കണം. 28 ലക്ഷമാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് കര്‍ണാടകയില്‍ പ്രചാരണത്തിന് ഉപയോഗിക്കാവുന്ന പരമാവധി തുക.


Also Read കര്‍ണാടക തെരഞ്ഞെടുപ്പ് 12ന്; എല്ലാ മണ്ഡലത്തിലും വിവിപാറ്റ് യന്ത്രങ്ങള്‍; വോട്ടെണ്ണല്‍ 15ന്


4.96 വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഇത്തവണയുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

മെയ് 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

ഭരണക കക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43 ഉം ജെ.ഡി.എസിന് 37 ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.എസ് യെദ്യൂരപ്പയാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു.


Watch Doolnews Video

We use cookies to give you the best possible experience. Learn more