നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പു തന്നെ “ബിജെപിയുടെ സുഹൃത്തുക്കളെ ഈ വിവരം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേകിച്ചും, വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് അസാധുവാക്കിയ നടപടിയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പു തന്നെ “ബിജെപിയുടെ സുഹൃത്തുക്കളെ ഈ വിവരം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേകിച്ചും, വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരും അവരുടെ സുഹൃത്തുക്കളും ഈ വിവരം മുന്‍കൂട്ടി അറിഞ്ഞതിന് തെളിവുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരക്കാര്‍ അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. സ്വര്‍ണവും സ്ഥലവും വാങ്ങിക്കൂട്ടുകയായിരുന്നു ഇവരെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു.
താന്‍ സാധാരണക്കാരായ കുറേപ്പേരോട് സംസാരിച്ചു. അവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് കള്ളപ്പണക്കാരെല്ലാം ഈ നടപടിയെ നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു എന്നാണെന്നും കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. കള്ളപ്പണക്കാര്‍ തങ്ങളുടെ ബിനാമികള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ കമ്മീഷന്‍ നല്‍കി ഈ പണം വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയേയും കെജ്‌രിവാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 2000 രൂപയുടെ നോട്ട് ഇറക്കുന്നതിലൂടെ കള്ളപ്പണം ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹമാണെന്നും ഇത് കള്ളപ്പണത്തിന്റെ ഒഴുക്കിനേയും അഴിമതിയേയും കൂടുതല്‍ ശക്തമാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഈ നടപടിയിലൂടെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ മാത്രമേ കേന്ദ്രത്തിന് കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയുമായി അടുപ്പമുള്ള സമ്പന്നര്‍ക്കും ഈ നടപടിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മോദിയുടെ തന്നെ ചിത്രം വെച്ച് തങ്ങളാണ് ഈ നടപടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്ന കുറിപ്പോടെ എത്തിയ പേടിഎമ്മിന്റെ പരസ്യം ഇതിന് തെളിവാണെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
അതേസമയം 2000 രൂപയുടെ നോട്ട് ഇറക്കുന്നതിനെ പിന്തുണച്ച് കെജ്‌രിവാളിന്റെ ക്യാബിനറ്റ് അംഗം സത്യേന്ദര്‍ ജെയ്ന്‍ രംഗത്ത് എത്തി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ നോട്ടുകള്‍ നിരോധിക്കുന്നതും 2000 നോട്ടുകള്‍ ഇറക്കുന്നതും ചരിത്രപ്രധാനമായ തീരുമാനമാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.