ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ആന്ധ്രപ്രദേശിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും ശക്തമാവുന്നു. ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിന് റേറ്റിംഗ് കുറച്ച് കൊണ്ടാണ് ആന്ധ്രക്കാരുടെ പുതിയ പ്രതിഷേധം.
വെള്ളിയാഴ്ച വൈകീട്ട് മുതലാണ് പേജിന്റെ റേറ്റ് വണ്‍സ്റ്റാര്‍ ആക്കികൊണ്ട് പ്രതിഷേധം ആരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റയടിക്ക് റേറ്റിംഗ് കുറച്ചതോടെ 4.4 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഇപ്പോള്‍ 1.1 സ്റ്റാര്‍ മാത്രമേയുള്ളു.
31000ത്തിലധികം ആളുകളാണ് പേജിന് വണ്‍സ്റ്റാര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ബജറ്റിലെ അവഗണനക്കെതിരെ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആന്ധ്രാപ്രദേശിന് ആശ്വസിക്കാവുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നും ബി.ജെ.പിയുമായി സഖ്യം നിലവിലുള്ളതുകൊണ്ട് മാത്രമാണ് കൂടുതലൊന്നും പറയാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനുപിന്നാലെ ഭാവി നടപടികള്‍ ആലോചിക്കാന്‍ ടി.ഡി.പി എം.പിമാരുടെ അടിയന്തരയോഗം മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.
അതേ സമയം കേന്ദ്രബജറ്റിനെതിരെ തെലങ്കാനയും രംഗത്തെത്തിയിട്ടുണ്ട്. ജലവിതരണ പദ്ധതി, ജലസേചന പദ്ധതി, മിഷന്‍ ഭാഗീരഥ, കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയ്ക്കായി ബജറ്റില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും തെലങ്കാന ധനമന്ത്രി എറ്റെല രാജേന്ദര്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് നിരാശപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതുമാണെന്ന വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും രംഗത്തെത്തിയിരുന്നു.എന്‍.ഡി.എയിലെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളാണ് തെലുങ്ക്‌ദേശവും ശിവസേനയും