കൂടിയ ഭൂരിപക്ഷം 6.89 ലക്ഷം, കുറഞ്ഞത് 181; രണ്ടും ബി.ജെ.പി സ്ഥാനാര്‍ഥികള്‍
D' Election 2019
കൂടിയ ഭൂരിപക്ഷം 6.89 ലക്ഷം, കുറഞ്ഞത് 181; രണ്ടും ബി.ജെ.പി സ്ഥാനാര്‍ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 11:35 pm

ന്യൂദല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക്. ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തില്‍ നിന്നു ജയിച്ച സി.ആര്‍ പാട്ടീലിനാണ് കൂടിയ ഭൂരിപക്ഷം. ഉത്തര്‍പ്രദേശിലെ മച്ച്‌ലിശഹര്‍ മണ്ഡലത്തില്‍ നിന്നുള്ള ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.

6.89 ലക്ഷം വോട്ടിനായിരുന്നു പാട്ടീലിന്റെ വിജയം. കോണ്‍ഗ്രസിന്റെ ധര്‍മേഷ് ഭായ് ഭീം ഭായി പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. പാട്ടീല്‍ 969430 വോട്ട് നേടിയപ്പോള്‍ പട്ടേല്‍ നേടിയത് 281663 വോട്ടാണ്. പക്ഷേ പാട്ടീലിന് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം തകര്‍ക്കാനായിട്ടില്ല. 2014 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ബീഡ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍തി പ്രീതം മുണ്ടെ നേടിയ 6.96 ലക്ഷം വോട്ടാണ് റെക്കോഡ്. തന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മരണത്തെത്തുടര്‍ന്നായിരുന്നു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.

അതേസമയം ഭോലാനാഥിന്റെ വിജയം വെറും 181 വോട്ടിനായിരുന്നു. മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയും ബി.എസ്.പി നേതാവുമായ ത്രിഭുവന്‍ റാമിനെയാണ് ഭോലാനാഥ് പരാജയപ്പെടുത്തിയത്. ഭോലാനാഥ് 487093 വോട്ട് നേടിയപ്പോള്‍, റാം 486763 വോട്ട് നേടി.

ലക്ഷദ്വീപിലെ എന്‍.സി.പി സ്ഥാനാര്‍ഥി മുഹമ്മദ് ഫൈസല്‍ പി.പിയാണ് ഭോലോനാഥിനു പിറകില്‍. 823 വോട്ടിനായിരുന്നു അദ്ദേഹം കോണ്‍ഗ്രസിന്റെ ഹംദുള്ള സയീദിനെ പരാജയപ്പെടുത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ഥികളായ സഞ്ജയ് ഭാട്ടിയ, കൃഷ്ണന്‍ പാല്‍, സുഭാഷ് ചന്ദ്ര ബഹേരിയ എന്നിവര്‍ ആറുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. പത്തിലേറെ സ്ഥാനാര്‍ഥികള്‍ അഞ്ചുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലും ജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയുമായ ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്. 2014-ല്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിനെ 3.71 ലക്ഷം വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ 5.57 ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണു ജയിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഷാ, കോണ്‍ഗ്രസിന്റെ ഡോ. സി.ജെ ചാവ്ഡയെയാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയായിരുന്നു. 4.83 ലക്ഷം വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. അദ്വാനിയെ തെരഞ്ഞെടുപ്പുരംഗത്തു നിന്നു മാറ്റി ഷാ കടന്നുവന്നത് ഏറെ ചര്‍ച്ചയായിരുന്നെങ്കിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിനായെന്നുള്ളതു ശ്രദ്ധേയമാണ്.

രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷവുമായി ജയിച്ചത് ഇത്തവണ അഞ്ച് സ്ഥാനാര്‍ഥികളാണ്. അതില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അര്‍ജുന്‍ മുണ്ടയും ഉള്‍പ്പെടും.