തെലങ്കാന: തെലങ്കാന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തിയ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രകടപത്രികയെ കുറിച്ച് വ്യാജ പ്രചരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ചില കാര്യങ്ങള്‍ വളച്ചൊടിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസംഗം.
തെലങ്കാനയിലെ മുസ്‌ലീം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും മാത്രം സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. “”അധികാരത്തിലെത്തിയാല്‍ പളളികളുടേയും മോസ്‌കുകളുടേയും വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദു ക്ഷേത്രങ്ങളെ മാത്രം ഒഴിവാക്കിയത്””എന്ന ചോദ്യവും അമിത് ഷാ പ്രസംഗത്തിനിടെ ഉന്നയിച്ചിരുന്നു. അമിത് ഷായുടെ ഈ പ്രസംഗം ബി.ജെ.പി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും തെലുങ്കു രാഷ്ട്ര സമിതിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ അമിത് ഷായുടേത് വ്യാജ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.
ഇങ്ങനെ പച്ചക്കളം തട്ടിവിടാന്‍ നിങ്ങള്‍ക്ക് നാണമില്ലേ.. സത്യം പറയാന്‍ പഠിക്കൂ.. എന്നായിരുന്നു ട്വിറ്ററിലുള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെട്ടത്.
വ്യാജ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടുകയാണ് അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അങ്ങനെ ഇല്ലെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. നിങ്ങളൂടെ ഈ രാഷ്ട്രീയം ഇനിയും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെന്ന് കരുതേണ്ട എന്നായിരുന്നു പലരുടേയും പ്രതികരണം.
തെലങ്കാനയില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മോസ്‌കുകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ തന്നെയാണ് ഇത്തരം വ്യാജ വാര്‍ത്തകളുമായി വരുന്നത് എന്ന് ജനങ്ങള്‍ മനസിലാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടിയെടുക്കാനുള്ള തന്ത്രം മാത്രമേ ബി.ജെ.പിക്ക് അറിയുള്ളൂവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി..
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളിച്ചും പരിഗണിച്ചുമുള്ള പ്രകടന പത്രികയാണ് ഞങ്ങള്‍ പുറത്തിറക്കിയത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പറയുന്നതിന് മുന്‍പ് ആദ്യം സ്വന്തം പ്രകടന പത്രിക കൂടി ഒന്ന് പരിശോധിക്കൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
നേരത്തെയും കോണ്‍ഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ വ്യാജ പ്രചരണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.