ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും അടക്കമുള്ള ബി.ജെ.പി ഉന്നത നേതാക്കള്‍ ഞായറാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥാനാര്‍ത്ഥികളെ സ്ഥിരീകരിച്ചത്. യോഗത്തിനു ശേഷം സീനിയര്‍ പാര്‍ട്ടി നേതാവ് ജെപി നദ്ദയാണ് 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.
ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളായ ജഗദീഷ് ഷെട്ടാറും കെ.എസ് ഈശ്വരപ്പയും യഥാക്രമം ഹൂബ്ലി ദര്‍വാദ് സെന്‍ട്രല്‍, ഷിമോഗ എന്നീ നിയമസഭാ സീറ്റുകളില്‍ മത്സരിക്കും.
കര്‍ണാടകയില്‍ 225 സീറ്റുകളിലേക്കാണ് മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 140ലധികം സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Watch DoolNews Video: