ന്യൂദല്‍ഹി: ബി.ജെ.പിയുടെ മൊത്തം ആസ്തിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 22.27 ശതമാനമായാണ് ആസ്തി വര്‍ധിച്ചത്. നോട്ട് നിരോധിച്ച 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിയുടെ ആസ്തി 1213.13 കോടി രൂപയായിരുന്നെങ്കില്‍ തൊട്ടടുത്ത 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1483.35 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്ക്. ഇലക്ഷന്‍ വാച്ച്‌ഡോഗ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് വിവരം പ്രസിദ്ധപ്പെടുത്തിയത്.
അതേസമയം കോണ്‍ഗ്രസിന്റേയും എന്‍.സി.പിയുടേയും ആസ്തിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. 2016-17, 2017-18 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെ മൊത്തം ആസ്തി 15.26 ശതമാനമായി കുറയുകയായിരുന്നു. അതായത് 854.75 കോടിയില്‍ നിന്ന് 724.35 കോടി രൂപയായാണ് കോണ്‍ഗ്രസിന്റെ ആസ്തിയില്‍ കുറവുണ്ടായിരിക്കുന്നത്. ഇതേപോലെ എന്‍.സിപിയുടെ ആസ്തി 11.41 കോടിയില്‍ നിന്ന് 9.54 കോടി രൂപയായി കുറഞ്ഞു. 16.39 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, ബഹുജന്‍ സമാജ് പാര്‍ട്ടി, സി.പി.ഐ.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ ഏഴ് ദേശീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച മൊത്തം ആസ്തികളാണ് എ.ഡി.ആര്‍ വിശകലനം ചെയ്തത്.
ഏഴ് പാര്‍ട്ടികളുടേയും പ്രഖ്യാപിത ആസ്തി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്ന 3456.65 കോടിയില്‍ നിന്ന് ആറ് ശതമാനം വര്‍ധിച്ച് 3260.81 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്.
ഇതേ കാലയളവില്‍ തന്നെ തൃണമൂലിന്റെ മൊത്തം ആസ്തി 10.86 ശതമാനം ഉയര്‍ന്ന് 26.25 കോടിയില്‍ നിന്ന് 29.10 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 324.2 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ബാധ്യത. തൊട്ടുപിന്നാലെ ബി.ജെ.പി 21.38 കോടി രൂപയും തൃണമൂല്‍ 10.65 കോടി രൂപയുമാണ്.