പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി വീണ്ടും വെട്ടില്‍; പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച സഖ്യകക്ഷി മലക്കം മറിഞ്ഞു; നിയമത്തിനെതിരെ സുപ്രീം കോടതിയിലേക്ക്
ദിസ്പുര്‍: പൗരത്വ ഭേദഗതി നിയമത്തെ ആദ്യ ഘട്ടത്തില്‍ പിന്തുണച്ചതിനു ശേഷം മലക്കം മറിഞ്ഞ് ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷദ് (എ.ജി.പി). ബി.ജെ.പിയെ വെട്ടിലാക്കി ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എ.ജി.പി.
ഇന്നലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി ചര്‍ച്ച നടത്തുമെന്നും എ.ജി.പി വ്യക്തമാക്കിക്കഴിഞ്ഞു.
എ.ജി.പിയുടെ മൂന്നു മന്ത്രിമാര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള അസമിലെ സര്‍ബാനന്ദ സൊനോവാള്‍ സര്‍ക്കാരിലുണ്ട്.
നേരത്തേ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെ എ.ജി.പി പിന്തുണച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ അപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് തുടങ്ങിയിരുന്നു.
തുടര്‍ന്നു പലരും പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നു രാജിവെച്ചിരുന്നു. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു ഇത്.
അതിനിടെ വെള്ളിയാഴ്ച മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയാന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു.
മാത്രമല്ല, അസം നടനും സംസ്ഥാന ഫിലിം ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രാജിവെയ്ക്കുകയുണ്ടായി. അതിനും മുന്‍പ് പാര്‍ട്ടി നേതാവും നടനുമായ രവി ശര്‍മയും പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു.