ഗുവാഹത്തി: 2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതിന് തനിക്കു നല്‍കിയ പ്രതിഫലം തിരികെ നല്‍കാമെന്ന് അസാമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗ്. പകരം തന്റെ പാട്ടുകളില്‍ നിന്ന് ബി.ജെ.പി നേടിയ വോട്ടുകള്‍ തിരികെ നല്‍കണമെന്നും സുബീന്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുബീനിന്റെ ആവശ്യം.
തന്റെ പാട്ടു മൂലം ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുബീന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഇതിന് മറുപടിയൊന്നും ലഭിച്ചില്ലെന്ന് സുബീന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. “ഞാന്‍ നിങ്ങള്‍ക്ക് കുറച്ചു ദിവസം മുമ്പ് ഒരു കത്തയച്ചിരുന്നു. നിങ്ങള്‍ കറുത്ത കൊടികളുടെ എണ്ണം എടുത്തുകൊണ്ടിരിക്കുന്ന തിരക്കിലായതു കൊണ്ടായിരിക്കാം അതിന് മറുപടി നല്‍കാതിരുന്നത്. എന്റെ ശബ്ദമുപയോഗിച്ച് നിങ്ങള്‍ വാങ്ങിക്കൂട്ടിയ വോട്ടുകള്‍ എനിക്ക് തിരിച്ച് തരുമോ. എനിക്കു ലഭിച്ച പ്രതിഫലം തിരിച്ചു തരാന്‍ ഞാന്‍ തയ്യാറാണ്”- സുബീന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2016ല്‍ ബി.ജെ.പി ആസാം ഗണ പരിഷത് ബോടോലാന്റ് പീപ്പിള്‍സ് ഫ്രന്റ് എന്നീ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് സംസ്ഥാനത്ത് ഭരണം പിടിച്ചിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിന് പിന്നാലെ ആസാം ഗണ പരിഷത് ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പുറത്തു പോയിരുന്നു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ തര്‍ക്കത്തെത്തുടര്‍ന്ന് ചര്‍ച്ച താത്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്.