അമിത് ഷാ നാണമില്ലായ്മയുടെ തനിപ്പകര്‍പ്പാണ് നിങ്ങള്‍! അഴിമതിക്കെതിരെ പ്രതിഷേധിച്ച ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രോഷം അണപൊട്ടുന്നു; ട്രെന്റിംഗായി 'ബി.ജെ.പി കാ സ്‌കാം'
ന്യൂദല്‍ഹി: ബി.ജെ.പി കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു.
ബി.ജെ.പി 2,457 കോടി രൂപ മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആം ആദ്മിയുടെ ആരോപണം.
ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയെയും അതിഷി മാര്‍ലെനയേയും ഉള്‍പ്പെടെയുള്ള നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആം ആദ്മി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ BJPKaScam എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗായിക്കൊണ്ടിരിക്കുകയാണ്.
നിരവധി പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ നാണമില്ലായ്മയുടെ തനിപ്പകര്‍പ്പാണെന്നും ജനാധിപത്യത്തെ ബി.ജെ.പി കൊല്ലുകയാണെന്നും ബി.ജെ.പിയുടെ ഭരണം ജനാധിപത്യത്തിന് അന്ത്യം കുറിച്ച് ഏകാധിപത്യം തുടര്‍ച്ചയാക്കുകയാണെന്നുമൊക്കെയാണ് ഹാഷ്ടാഗ് ഉപയോഗിച്ച് ആളുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന ചദ്ദയുടെ അഭ്യര്‍ത്ഥന കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊലീസ് നിരസിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങിയത്.
‘ബഹുമാനപ്പെട്ട ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരല്‍ അനുവദനീയമല്ല. നിങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചെങ്കിലും നിരസിക്കുന്നു. ദല്‍ഹി പൊലീസുമായി സഹകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ‘ എന്നായിരുന്നു പൊലീസ് ഇവരെ അറിയിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക