തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ബി.ജെ.പി യുവസംഘടനകളുടെ അതിക്രമം. ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തരൂരിന്റെ ഓഫീസ് ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയത്. ബി.ജെ.പി രണ്ടാം വട്ടവും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്ന് തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് യുവമോര്‍ച്ചയുടെ ആക്രമണം.
ഓഫീസിന്റെ കവാടത്തില്‍ കരി ഓയില്‍ ഒഴിച്ച സംഘം കരിങ്കൊടി നാട്ടുകയും “തരൂരിന്റെ പാകിസ്ഥാന്‍ ഓഫീസ്” എന്ന സൂചനാബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ഓഫീസില്‍ ആരുമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. പൊലീസുദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സംഘം ആളുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അതിക്രമത്തെ ശക്തമായി അപലപിച്ചു.
“ഭീരുത്വം നിറഞ്ഞ നീക്കമാണിത്. ബി.ജെ.പിയുടെ തനിനിറം വെളിച്ചത്തുവന്നിരിക്കുകയാണ്.” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അക്രമത്തോടു പ്രതികരിച്ചുകൊണ്ടു പറഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ നിന്നും അകലം പാലിച്ചിരുന്നെങ്കിലും കേരള ഘടകം അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ബി.ജെ.പി ക്ഷമാപണമാവശ്യപ്പെട്ടെങ്കിലും തന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തരൂര്‍. “മതന്യൂനപക്ഷങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തില്‍ ഒരു ഭൂരിപക്ഷാധിപത്യ മതവിഭാഗം നിലനില്‍ക്കുന്ന സ്റ്റേറ്റ് ഹിന്ദു പാകിസ്ഥാനായി മാറുക തന്നെ ചെയ്യും.” നിലപാടു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
Also Read: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലത്ത് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു
എന്നാല്‍, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രവൃത്തി ജനാധിപത്യപരമായ പ്രതിഷേധം മാത്രമായിരുന്നെന്നാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ വാദം. “നിരുത്തരവാദിത്തപരമായ പ്രസ്താവനകളാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍, അതിലുള്ള രോഷം പ്രകടിപ്പിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കുണ്ട്.” അദ്ദേഹം പറഞ്ഞു.