പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്തു; യുവമോര്‍ച്ച നേതാവ് ഗുരുതരാവസ്ഥയില്‍
national news
പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്തു; യുവമോര്‍ച്ച നേതാവ് ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 10:27 pm

ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ കാമുകിയുടെ വീടിനു മുന്നില്‍ സ്വയം വെടിയുതിര്‍ത്ത് ബി.ജെ.പി യുവമോര്‍ച്ച നേതാവ്. അതുല്‍ ലോഖണ്ഡെ(30)യാണ് കാമുകിയുടെ വീടിനു മുന്നില്‍ വെച്ച് സ്വയം വെടിയുതിര്‍ത്തത്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അതുലിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കാമുകിയുടെ അച്ഛനെ അതുല്‍ ഇന്നലെ രാത്രി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അയാളുമായി തര്‍ക്കമുണ്ടാവുകയും അടുത്തുള്ള അമ്പലത്തിനടുത്തുവെച്ച് സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.


Also Read:  മധ്യപ്രദേശില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കുട്ടിയെ കണ്ടെത്തിയത് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍


സംഭവത്തിന് തൊട്ടുമുമ്പ് അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ- “അവളുടെ അച്ഛന്‍ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. മകളോടുള്ള പ്രണയം തെളിയിക്കാന്‍ മരിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. മരണത്തെ അതിജീവിച്ചാല്‍ മകളെ വിവാഹം കഴിച്ചുതരാം എന്നാണ് അയാള്‍ പറയുന്നത്. ഞാനിപ്പോള്‍ അവളുടെ വീടിനു മുമ്പിലുണ്ട്. മരിച്ചാല്‍ എന്റെ ശരീരം എടുത്തുമാറ്റുക.ജീവിച്ചാല്‍ ഞാന്‍ തിരികെ വരും”.

കഴിഞ്ഞ 13 വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും. യുവതിയുമൊത്തുള്ള ചിത്രങ്ങളും അതുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കാമുകിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും അതിനാല്‍ പോകുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

“ഞാന്‍ നിന്നെ പ്രണയിക്കുന്നതു പോലെ ആരും ആരെയും പ്രണയിക്കുന്നുണ്ടാകില്ല. എനിക്ക് നിന്നെ മറക്കാനാകില്ല. നീ എന്റേത് മാത്രമാണ്. ഞാനെന്നും നിന്നെ സ്‌നേഹിക്കും. മരിച്ചാലും അതങ്ങനെ ആയിരിക്കും.പ്രണയിക്കുന്നവര്‍ക്ക് ഹൃദയമാണ് നല്‍കാറ്. പക്ഷേ, നിനക്ക് ഞാനെന്റെ ജീവന്‍ തരുന്നു”. ഫേസ്ബുക്കില്‍ അതുല്‍ കുറിച്ചതാണിത്.


Also Read:  മാവോയിസ്റ്റ് നേതാവ് ഷൈനക്ക് ജാമ്യം


എത്ര മിശ്രവിവാഹങ്ങള്‍ നടക്കുന്നോ അത്രയും ശക്തമാകും ഇന്ത്യയുമെന്നും അതുല്‍ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.