ന്യുദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പ് കത്തിച്ചതിന് പിന്നില്‍ തങ്ങളാണെന്ന്സസമ്മതിച്ച ബി.ജെ.പി യുവനേതാവിനെതിരെ പരാതി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി പൊലീസിനെ സമീപിച്ചത്. മുസ്‌ലിം മജ്‌ലിസ് ഇ മുഷാവറ എന്ന സംഘടനയും ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
യുവമോര്‍ച്ച നേതാവായ മനീഷ് ചന്‍ഡാലെയാണ് റോഹിങ്ക്യന്‍ ക്യാമ്പ് കത്തിച്ചതിന് പിന്നില്‍ തങ്ങളാണെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍, ട്വീറ്റ് പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനീഷ് ചന്‍ഡാലക്കെതിരെ നടപടിയെടുക്കാന്‍ ദല്‍ഹി പൊലീസ് തയാറായില്ല. ഇതേ തുടര്‍ന്നാണ് പരാതിയുമായി മുസ്‌ലിം സംഘടനയും പ്രശാന്ത് ഭൂഷണും രംഗത്തെത്തിയത്. മനീഷിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ബി.ജെ.പിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൃത്യം തങ്ങള്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. “ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു” -എന്നതായിരുന്നു. ഏപ്രില്‍ 18 ലെ ട്വീറ്റ്.
ദക്ഷിണ ദല്‍ഹിയിലെ കാളിന്ദി കുഞ്ചിന് സമീപത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഏപ്രില്‍ 15നാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ക്യാമ്പിലെ 200ഓളം അന്തേവാസികള്‍ക്ക് അവരുടെ യു.എന്‍ വിസ ഉള്‍പ്പടെയുള്ള രേഖകളും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.