തിരുവനന്തപുരം: എം.പി. സമ്പത്ത് കാലു മാറിയിരുന്നെങ്കിൽ 200 കോടി കിട്ടുമായിരുന്നെന്നും, എന്നാൽ ആയിരം കോടി കിട്ടിയാലും സമ്പത്ത് എം.പി. മാറി ചിന്തിക്കില്ലെന്നും അതാണ് ഇടതുപക്ഷത്തിന്റെ സ്വഭാവമെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കർണാടകയിലെ കോൺഗ്രസ് എം. എൽ എയ്ക്ക് ബി.ജെ.പി. നിശ്ചയിച്ച വില 25 കോടി രൂപ ആയിരുന്നെന്നും ഇതുകണ്ട് കേരളത്തിലെ കോൺഗ്രസ് എം.എൽ.എമാർ കർണാടകത്തിലേക്ക് പോകാൻ ആലോചിച്ചിരുന്നെന്നും കോടിയേരി പരിഹസിച്ചു. പ്രിയങ്ക ഗാന്ധിയുടെ മൂക്കും ഇന്ദിര ഗാന്ധിയുടെ മൂക്കും ഒരുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞു കോൺഗ്രസ് വോട്ട് ചോദിക്കുമ്പോൾ ബഷീറിന്റെ “വിശ്വവിഖ്യാതമായ മൂക്ക്” എന്ന നോവലാണ് തനിക്ക് ഓർമ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ കോൺഗ്രസ് ഇന്നത്തെ ബി.ജെ.പി. ആണെന്നും കോടിയേരി പറഞ്ഞു. അതിനാലാണ് കോൺഗ്രസ് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പോലും ബി.ജെ.പി. ഭരണത്തിലെത്തിയത്. കോടിയേരി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ തലയ്ക്ക് 2 കോടി രൂപയാണ് ആർ.എസ്.എസ് വിലയിട്ടതെന്നും ഒരു കോൺഗ്രസുകാരനും ഈ വില കിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
പുൽവാമ വിഷയം സംബന്ധിച്ച് സംസാരിച്ച കോടിയേരി സൈനികർക്ക് പോലും സുരക്ഷയില്ലാത്ത രാജ്യത്തെ ആര് രക്ഷിക്കുമെന്നും ചോദിച്ചു. മോദി സർക്കാരിന്റെ കാലത്ത് 890 ഭടന്മാരാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്നും കോടിയേരി രൂക്ഷ വിമർശനം ഉന്നയിച്ചു. പുൽവാമ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാകാതിരുന്നത് കൊണ്ടാണ് സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചതെന്നും കോടിയേരി പറഞ്ഞു.
കശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ തടസ്സമായി നിൽക്കുന്നത് ആർ.എസ്.എസ്. ആണെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസ് കാശ്മീരിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും, ഈ പ്രശ്നം ഒരു മതത്തിനോ പ്രദേശത്തിനോ എതിരല്ലെന്നും, രാജ്യത്തിന് എതിരാണെന്നും സർക്കാർ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു. പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ദുരന്തമായിരിക്കും ഫലം. കോടിയേരി പറഞ്ഞു. വർക്കലയിൽ “കേരളം സംരക്ഷണ യാത്ര”യുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.