തൃശൂര്‍: തൃശൂര്‍ സി.ജെ.എം കോടതിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാനെത്തിയ വിബ്ജിയോര്‍ ചലചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വധഭീഷണി. വിബ്ജിയോര്‍ പ്രവര്‍ത്തകരായ അന്‍വര്‍ അലി , മുന്‍ വിബ്ജിയോര്‍ ഫിലിം കളക്റ്റീവ് സെക്രട്ടറി ശരത്ത് ചേലൂര്‍, രതീഷ് എന്നിവരെയാണ് കോടതി വളപ്പില്‍ വെച്ച് ഭീഷണിപ്പെടുത്തിയത്.
‘ഓഷന്‍ ഓഫ് ടിയേഴ്‌സ്’ എന്ന കാശ്മീരി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തീയറ്ററിലേക്ക് അതിക്രമിച്ചുകടക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തത്. എന്നാല്‍ എന്നാല്‍ പ്രേക്ഷകര്‍ സംഘം ചേര്‍ന്ന് ഇവരെ ഗോബാക്ക് വിളിച്ച് ഓടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിബ്ജിയോര്‍ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ കേസ് നല്‍കുകയും ചെയ്തു.
ചൊവ്വാഴ്ച്ച തൃശ്ശൂര്‍ സി.ജെ.എം കോടതിയില്‍ നടന്നുവരുന്ന കേസില്‍ മൊഴികൊടുക്കാനെത്തിയ വിബ്ജിയോര്‍ പ്രവര്‍ത്തകരായ കവി അന്‍വര്‍ അലി, അന്നത്തെ വിബ്ജിയോര്‍ ഫിലിം കളക്റ്റീവ് സെക്രട്ടറി ശരത് ചേലൂര്‍, രതീഷ് എന്നിവരെ കോടതിപിരിഞ്ഞ ശേഷം കോടതിവളപ്പില്‍ വെച്ച് കേസിലെ പ്രതികളായ അഡ്വ. ബി. ഗോപാലകൃഷ്ണനടക്കമുള്ള പന്ത്രണ്ടോളം പേര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
മൊഴി നല്‍കിയിറങ്ങിയ ചലചിത്ര പ്രവര്‍ത്തകരോട് “ഇതിനു നിനക്കുള്ള പണി കോടതി വളപ്പില്‍ നിന്നിറങ്ങിയാല്‍ വൈകാതെ കിട്ടുമെന്നും”, മേലില്‍ മണ്ണ് പറ്റിക്കുമെന്നുമടക്കമാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. മൊഴി കൊടുക്കുന്നതിനു മുമ്പുതന്നെ കേസില്‍ നിന്നു പിന്മാറാനും ദുര്‍ബലമായ മൊഴി കൊടുക്കാനും അഡ്വ. ബി. ഗോപാലകൃഷ്ണന്‍ വിബ്ജിയോര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.