national news
ബി.ജെ.പി സംസ്ഥാന മേധാവിയോട് പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ പൊതുമധ്യത്തില്‍ മര്‍ദ്ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 17, 11:28 am
Monday, 17th September 2018, 4:58 pm

ചെന്നൈ: പെട്രോള്‍ വില ഉയരുന്നതിന്റെ പേരില്‍ ബി.ജെ.പി തമിഴ്‌നാട് മേധാവി തമിളിസായ് സുന്ദരരാജനെ വിമര്‍ശിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകനായ സാബിര്‍ അഹമ്മദ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ” ബി.ജെ.പി നേതാക്കളുടെ ധാര്‍ഷ്ട്യം. പെട്രോള്‍ വില ഉയരുന്നതിനെക്കുറിച്ച് ബി.ജെ.പി തമിഴ്‌നാട് ചീഫ് തമിളിസായിയോട് ഓട്ടോ ഡ്രൈവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്റെ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ എന്നെ മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു.” എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

സെയ്ദാപേട്ടിലായിരുന്നു സംഭവം നടന്നത്. ഗണേശ ചതുര്‍ത്ഥി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബി.ജെ.പി മേധാവി. എച്ച് രാജയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സദസിനോട് പറയുകയായിരുന്നു തമിളിസായ്. ഇതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്നും ഓട്ടോ ഡ്രൈവറായ കതിര്‍ എഴുന്നേറ്റ് പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഇതോടെ ഇയാളുടെ അനുയായികള്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്യുമ്പോള്‍ അവര് നോക്കിനിന്ന് ചിരിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

ദിനംപ്രതിയുള്ള പെട്രോള്‍ വിലകാരണം തന്റെ ദിവസ വരുമാനം 300 രൂപയായി ചുരുങ്ങിയെന്നാണ് കതിര്‍ പറയുന്നത്. ഇതുകൊണ്ട് കുടുംബം നടത്തിക്കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും ചിലസമയങ്ങളില്‍ ഓട്ടോ ഉടമയ്ക്ക് നല്‍കാനുള്ള വാടകപോലും നല്‍കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.