| Friday, 17th November 2023, 12:12 pm

കമല്‍ നാഥിന്റെ മകനെ പോളിങ് ബൂത്തില്‍ തടഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍ നാനാഥിന്റെ മകന്‍ നകുല്‍ നാഥിനെ പോളിങ് ബൂത്തില്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. ചിന്ത്വാര ജില്ലയിലെ ബരാരിപുരയിലെ പോളിങ് ബൂത്തില്‍ നിന്നുമാണ് നകുല്‍ നാഥിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. ബി.ജെ.പി പ്രവര്‍ത്തകര്‍ നകുല്‍നാഥിനെ തടയുന്ന വീഡിയോ പി.ടി.ഐ പുറത്ത് വിട്ടു.

അതേസമയം വോട്ടിനായി ബി.ജെ.പി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് കമല്‍ നാഥ് ആരോപിച്ചു. ‘ബി.ജെ.പിയുടെ കയ്യില്‍ പൊലീസും പണവും ഭരണവുമുണ്ട്, ഇതൊക്കെ നഷ്ടമാവാന്‍ കുറച്ച് മണിക്കൂറുകളും കൂടിയുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് പറഞ്ഞ് ഇന്നലെ എനിക്ക് നിരവധി കോളുകളും വീഡിയോകളും വന്നിരുന്നു,’ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ കമല്‍ നാഥ് പറഞ്ഞു.

മധ്യപ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പത് മണിയോടെ 11. 95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കുന്നുണ്ട്.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുതുന്നത്. മധ്യപ്രദേശില്‍ 2,533 ഉം ഛത്തീസ്ഗഡില്‍ 958 ഉം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ 64,523 പോളിങ് ബൂത്തുകളും ഛത്തീസ്ഗഡില്‍ 18,000 പോളിങ് സ്റ്റേഷനുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ മധ്യപ്രദേശില്‍ പലയിടത്തും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ദിമാനിയിലുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സ്ഥിതിനിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മല്‍സരിക്കുന്ന മണ്ഡലമാണ് ദിമാനി.

മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറുമൂലം വോട്ടെടുപ്പ് വൈകിയിരുന്നു. തകരാറിലായ യന്ത്രങ്ങള്‍ ഉടന്‍ തന്നെ മാറ്റിയെന്നും പ്രവര്‍ത്തന സജ്ജമായ യന്ത്രങ്ങളില്‍ വോട്ടെടുപ്പ് തുടരുകയാണെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍ അനുപം രാജന്‍ പറഞ്ഞു.

Content Highlight: BJP workers stopped Kamal Nath’s son in the polling booth

Latest Stories

We use cookies to give you the best possible experience. Learn more