ഷൂട്ടിംഗ് അനുവദിക്കില്ല ; വിജയ് ചിത്രം 'മാസ്റ്റര്‍' ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
national news
ഷൂട്ടിംഗ് അനുവദിക്കില്ല ; വിജയ് ചിത്രം 'മാസ്റ്റര്‍' ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 6:38 pm

ചെന്നൈ: നടന്‍ വിജയ്‌യുടെ മാസ്റ്റര്‍ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ബി.ജെ.പി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്.

നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് നിലവില്‍ ചിത്രീകരണം നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. അതേസമയം വിജയ് ആരാധകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം 30 മണിക്കൂറാണ് താരത്തിനെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

വിജയ്യുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. വീട്ടില്‍ നിന്ന് വിജയുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ കൊണ്ട് പോയിട്ടുണ്ട്.
ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തുടര്‍നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയ്, ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്റെ വിവിധ ഓഫീസുകളില്‍ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇയാളില്‍ നിന്ന് വിവിധ രേഖകള്‍, പ്രോമിസറി കുറിപ്പുകള്‍, പോസ്റ്റ് ഡേറ്റ് ചെയ്ത ചെക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.

നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.

DoolNews Video