ഷോമ ചൗധരിയുടെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
India
ഷോമ ചൗധരിയുടെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2013, 5:20 pm

[]ന്യൂദല്‍ഹി: തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണമുന്നയിച്ച് സഹപത്രപ്രവര്‍ത്തക നല്‍കിയ പരാതി മൂടിവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തെഹല്‍ക മാനേജിംഗ് ഡയറക്ടറായിരുന്ന ഷോമ ചൗധരിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഷോമയെ ഉടന്‍ അറസ്റ്റ ്‌ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്്. സൗത്ത് ദല്‍ഹിയിലെ ഷോമയുടെ വസതിയിലേക്കായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രതിഷേധക്കാര്‍ വീടിനു മുന്നിലെ നെയിംപ്ലേറ്റിലെ ഷോമയുടെ പോര് മായ്ച്ച് പകരം കറുത്ത മഷികൊണ്ട് അക്യൂസ്ഡ് (പ്രതി) എന്നെഴുതുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഷോമ രാവിലെ തെഹല്‍കയിലെ സ്ഥാനം രാജിവെച്ചിരുന്നു.

ഇതിന്  പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഷോമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. സംഭവത്തില്‍ പരാതിപ്പെട്ട് പെണ്‍കുട്ടി അയച്ച ഇ മെയില്‍ സന്ദേശം മറച്ചുവെച്ചുവെന്ന് ആരോപിച്ച് ഷോമയ്‌ക്കെതിരേ ആദ്യം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ട് ദിവസം മുമ്പ് കേസന്വേഷിക്കുന്ന ഗോവന്‍ പോലീസ് ടീം ഷോമയെ ചോദ്യം ചെയ്തിരുന്നു. ലാപ് ടോപുകളും ഐപാഡും തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു.

കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ആദ്യം ഷോമയുടെ പേര് ഉണ്ടായിരുന്നുവെന്നും പിന്നീട് സംഭവം വലിയ വിവാദമായപ്പോള്‍ പേര് ഒഴിവാക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.