| Sunday, 18th April 2021, 9:47 am

പശുവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തണം; കേരളത്തില്‍ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് ബി.ജെ.പി സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:  പശുവിന് ചൊറിച്ചിലുണ്ടാക്കുന്നതിനാല്‍ ക്രഷറിന്റെപ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധം. ക്രഷറിന് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് പോരുവഴി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായെത്തുകയും ജീവനക്കാരെ പൂട്ടിയിടുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

പശുക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നതിനാല്‍ പത്താം വാര്‍ഡിലെ ക്രഷറിന് അടിയന്തര സ്റ്റോപ്പ് മെമോ നല്‍കണമെന്ന് വെള്ളിയാഴ്ച രാവിലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തര സ്റ്റോപ്പ് മെമോ നല്‍കാന്‍ മാത്രമുള്ള കാരണങ്ങളല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയച്ചതോടെ ഇവര്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്രഷറിന് മാര്‍ച്ച് 31 വരെ ലൈസന്‍സുണ്ടെന്നും പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി അറിയിച്ചിരുന്നു. എങ്കിലും യോഗം കഴിഞ്ഞതോടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ പ്രധാന കവാടത്തിന്റെ ഷട്ടര്‍ താഴ്ത്തിയശേഷം ഉപരോധ സമരം നടത്തി. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

ഇതോടെ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്കടക്കം കെട്ടിടത്തിനകത്ത് ഏറെ സമയം നില്‍ക്കേണ്ടി വന്നു. പിന്നീട് ശൂരനാട് പൊലീസ് എത്തി ബലമായി ഷട്ടര്‍ തുറപ്പിച്ചാണ് ജീവനക്കാരെ പുറത്തെത്തിച്ചത്.

ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയും പഞ്ചായത്ത് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി പഞ്ചായത്ത് അംഗങ്ങള്‍ക്കും മറ്റു കണ്ടാലറിയാവുന്നവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BJP workers protest at Poruvazhi Panchayat to stop a crusher unit alleging it causes discomfort to cows

Latest Stories

We use cookies to give you the best possible experience. Learn more