മംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ അധിക്ഷേപം.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നടന്ന് മോദിയുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിങ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രജ്ദീപ് സര്‍ദേശായിയും എത്തിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ മൈക്കുമായി ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹത്തെ കണ്ടതോടെ പ്രവര്‍ത്തകര്‍ രോഷത്തോടെ ചാടിയെഴുന്നേല്‍ക്കുക്കയും അദ്ദേഹത്തിനു നേരെ ചിലര്‍ കയര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തെ ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റെയും പ്രവര്‍ത്തകര്‍ പരസ്യമായി അധിക്ഷേപിക്കുകയും ഉച്ചത്തില്‍ മോദി മോദി എന്ന് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.
പ്രതിഷേധം വകവയ്ക്കാതെ റിപ്പോര്‍ട്ടിങ് തുടര്‍ന്നെങ്കിലും പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ ഏറുകയായിരുന്നു. വേദിയിലും സദസിലുമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഈ അധിക്ഷേപമെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
പ്രധാനമന്ത്രി വേദിയില്‍ എത്തി പ്രസംഗം തുടങ്ങിയപ്പോഴും സര്‍ദേശായിക്കെതിരെ അണികള്‍ അധിക്ഷേപം ചൊരിഞ്ഞു. തുടര്‍ന്ന് രാത്രി ഏഴരയോടെ അദ്ദേഹം പുറത്തേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങിയെങ്കിലും വഴിയൊരുക്കാന്‍ നേതാക്കളോ അണികളോ തയ്യാറായില്ല. പിന്നീട് ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് ഏറെ പണിപ്പെട്ടായിരുന്നു രജ്ദീപ് സര്‍ദേശായിയെ വാഹനത്തില്‍ കയറ്റിവിട്ടത്.
സംഭവത്തിന്റെ വീഡിയോ രജ്ദീപ് സര്‍ദേശായി തന്നെ ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു. മോദിയുടെ റാലി എന്നത് മാസ് ഹിപ്പ്‌നോസിസ് പോലെയാണ്. ഞാന്‍ ഒരു ചോദ്യം ആള്‍കൂട്ടത്തിനോട് ചോദിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉടനെ മോദി മോദി എന്ന് ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. സ്റ്റേജില്‍ മ്യൂസിക്ക് ഉള്ളപ്പോലെയായിരുന്നു അത്. ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് റാലിക്ക് പോയത് പോലെയല്ലായിരുന്നു. ഒരു റോക്ക് ഷേയില്‍ ഞങ്ങള്‍ എത്തിയപോലെയായിരുന്നു അത്. അദ്ദേഹം കുറിച്ചു.
മോദിയുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചാല്‍ എന്താണ് നടക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ചോദ്യങ്ങള്‍ ഒന്നും പാടില്ല ഞങ്ങള്‍ മോദി ഭക്തരാണ് ഇതാണ് ആ സന്ദേശം അത് മാംഗ്ലൂര്‍ ആയാലും മാഡിസണ്‍ ആയാലും അദ്ദേഹം വീഡിയോ പങ്ക് വെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
കഠവ അടക്കമുള്ള സംഭവങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമായിരുന്നു രജ്ദീപ് സര്‍ദേശായി ഉയര്‍ത്തിയിരുന്നത്.