| Friday, 29th June 2018, 10:53 am

എവിടെ പുതിയ പ്രസിഡന്റ്? ഫേസ്ബുക്ക് പേജില്‍ പരാതിയും പ്രതിഷേധവുമായി അമിത് ഷാ യോട് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യ്‌ക്കെതിരെ പരാതിപ്രവാഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന അമിത് ഷായ്ക്ക് നേരേയാണ് പരാതികളുമായി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തെപ്പറ്റി അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് താഴെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ പാര്‍ട്ടിയ്ക്ക് പ്രസിഡന്റ് ഇല്ലാത്തതിനെക്കുറിച്ചാണ് മിക്കവാറും പ്രവര്‍ത്തകര്‍ കമന്റിട്ടത്. കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും കമന്റുകളില്‍ പറയുന്നു.


ALSO READ: വലംപിരിശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ദീപാ നിശാന്ത്


യുവമോര്‍ച്ച പ്രവര്‍ത്തകയായ ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപിച്ചതിനെതിരെ ബി.ജെ.പി നേതൃത്വം പ്രതികരിക്കാത്തതിനെതിരെയും പ്രവര്‍ത്തകര്‍ കമന്റു ചെയ്തു.

അമിത് ഷായുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പ്രതിഷേധങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ തെരഞ്ഞെടുപ്പ് തയ്യാറാടെപ്പുകളെപ്പറ്റി ചര്‍ച്ചചെയ്യാനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ആദ്യം തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ പ്രവര്‍ത്തകരുടെ യോഗം തുടങ്ങി അഞ്ചോളം പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം കുമ്മനം രാജശേഖരന് പകരം പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. അമിത് ഷാ യുടെ കേരള സന്ദര്‍ശനത്തിന് മുമ്പ് തന്നെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.


ALSO READ: ജാമിയ മിലിയ യൂണിവേസിറ്റിയില്‍ കര്‍ഫ്യൂ സമയം മാറ്റാന്‍ പെണ്‍കുട്ടികളുടെ സമരം; സമരം നിരോധിച്ച് യൂണിവേഴ്‌സിറ്റി


തീരുമാനമാകാത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കുമ്മനത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുകയാണ്. ഇവരെക്കൂടി വിശ്വാസത്തിലെടുത്തതിനു ശേഷം മാത്രമേ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയു എന്ന നിലപാടിലാണ് നേതൃത്വം.

Latest Stories

We use cookies to give you the best possible experience. Learn more