കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയായ വിജയ് സങ്കല്‍പ് ബൈക്ക് റാലി നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മുന്നൂറിലധികം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു റാലിക്കുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്. അനുമതി ഇല്ലാതെ റാലി നടത്താന്‍ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമബംഗാളിലെ ഗോല്‍ട്ടോറില്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നിരവധി പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
Also Read ജീവനോടെയുണ്ട്; മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
അസന്‍സോളില്‍ പൊലീസിനു നേരെ കല്ലെറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി പൊലീസ് ബാറ്റണുകള്‍ പ്രയോഗിച്ചു. കൂച്ച് ബെഹാര്‍ പട്ടണം, ദക്ഷിണ ദിനാജ്പുരിലെ ബാലുര്‍ഘട്ട്, ആരംബാഘ്, സെന്റ്ട്രല്‍ അവന്യു എന്നിവിടങ്ങളിലും പൊലീസും, പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തൊട്ടാകെ റാലികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ബി.ജെ.പി. കഴിഞ്ഞ ദിവസം ബിഹാറിലെ പാട്‌നയില്‍ മോദിയുടെ സങ്കല്‍പ റാലി നടന്നിരുന്നു. മധ്യപ്രദേശിലും, കന്യാകുമാരിയിലും ബി.ജെ.പിയുടെ റാലികള്‍ നടന്നിരുന്നു. പശ്ചിമ ബംഗാളില്‍ മോദിയുടെ രണ്ടു റാലികള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ബി.ജെ.പിയുടെ ശ്രദ്ധ തെരഞ്ഞെടുപ്പ് റാലികളിലാണെന്ന് പ്രതിപക്ഷം അടക്കമുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.
(Representational Image)