| Sunday, 30th May 2021, 4:42 pm

കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടായി.  സംഭവത്തിൽ ഒരാള്‍ക്ക് കുത്തേറ്റിട്ടുണ്ട്. വാടാനപ്പള്ളിയില്‍ തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ബി.ജെ.പി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബി.ജെ.പി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞിരുന്നു.

വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.

പുലര്‍ച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

COMTENT HIGHLIGHTS: BJP workers clash over Kodakara money laundering case

We use cookies to give you the best possible experience. Learn more