ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ബുള്‍ഡോസര്‍ കൊണ്ട് സൈക്കിളുകള്‍ ഇടിച്ചു നിരത്തി വിജയമാഘോഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍.
യു.പിയിലെ ബാദുന്‍ഡ ജില്ലയിലാണ് നിരത്തിയിട്ട സൈക്കിളുകള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ ഓടിച്ചു കയറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയമാഘോഷിച്ചത്.
സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിള്‍. അതേസമയം, ബുള്‍ഡോസര്‍ കൊണ്ടര്‍ത്ഥമാക്കുന്നത് യോഗി ആദിത്യനാധിനെയാണ്. മാഫിയകള്‍ക്കെതിരെയുള്ള നിലപാടുകളുടെ ഭാഗമായാണ് അദ്ദേഹത്തെ ബുള്‍ഡോസര്‍ എന്ന് വിളിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ബുള്‍ഡോസര്‍ എന്ന് പേര് വ്യാപകമായി ഉപയോഗിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നുകളുടെ സമയത്തും യോഗി ബുള്‍ഡോസര്‍ എന്ന പദം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരുന്നു. ‘തെരഞ്ഞെടുപ്പില്‍ എസ്.പിയുടെ സൈക്കിളിനെ ബുള്‍ഡോസര്‍ കൊണ്ട് തരിപ്പണമാക്കും,’ എന്നായിരുന്നു യോഗി പറഞ്ഞുകൊണ്ടിരുന്നത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
‘സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. പാര്‍ട്ടി വിട്ട സ്വാമി പ്രസാദ് മൗര്യയുടെ തോല്‍വിയും ഏറെ ആഹ്ലാദം നല്‍കുന്നു.
ബി.ജെ.പിയെ പിന്നില്‍ നിന്നും കുത്തിയവര്‍ക്കുള്ള മറുപടി ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് സത്യസന്ധമായ സര്‍ക്കാരിനെ ആണ് ആവശ്യമെന്ന് അവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്,’ ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു.
ബുള്‍ഡോസര്‍ ബാബ (യോഗി ആദിത്യനാഥ്) മാഫിയകളെ തച്ചുതകര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ അധികാരം നില്‌നിര്‍ത്താനായെങ്കിലും കണക്കുകള്‍ ബി.ജെ.പിക്ക് സന്തോഷം നല്‍കുന്നതല്ല. 2017 നെ അപേക്ഷിച്ച് 57 സീര്‌റുകളാണ് ഇത്തവണ പാര്‍ട്ടിക്ക് കൈമോശം വന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.
തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ എസ്.പി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
‘2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും കാണാന്‍ സാധിക്കും,’ വോട്ടെണ്ണലിന് ശേഷം പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിക്കവെ മോദി പറഞ്ഞു.
2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് കാരണം 2017ലെ യു.പി തെരഞ്ഞെടുപ്പിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതെരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.പിയില്‍ ബി.ജെ.പി പുതിയ ചരിത്രം കുറിച്ചു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതിനാല്‍ വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി ബി.ജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. പ്രവര്‍ത്തകര്‍ നല്‍കിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും മോദി പറഞ്ഞു.
Content Highlight: BJP workers celebrate by crushing bicycles with bulldozer in UP