ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് നാല് കോടി രൂപയുമായി ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ പിടിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണം എത്തിച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ മൊഴി ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ചെന്നൈയിലെ ഹോട്ടല്‍ ബ്ലൂ ഡയമണ്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഹോട്ടല്‍ മാനേജറായ സതീഷ് അയാളുടെ സഹോദരന്‍ നവീന്‍ ഡ്രൈവറായ പെരുമാള്‍ എന്നിവരാണ് പണവുമായി അറസ്റ്റിലായത്. ആറ് ബാഗുകളിലായാണ് നാല് കോടി രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തിരുനല്‍വേലിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ഇവരെ ട്രെയിനില്‍ നിന്നും പിടികൂടിയത്. തിരുനല്‍വേലിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രക്ക് വേണ്ടിയാണ് പണം കൊണ്ടുപോയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
എ.ഐ.ഡി.എം.കെ സര്‍ക്കാരിലെ മുന്‍ മന്ത്രി ആയിരുന്ന നൈനാര്‍ നാഗേന്ദ്രനെതിരെ അനധികൃത സ്വത്ത് സമ്പാദത്തിനടക്കം കേസെടുത്തിരുന്നു. 2017ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ എം.എല്‍.എയും നിയമസഭാ കക്ഷി നേതാവുമാണ് നൈനാര്‍ നാഗേന്ദ്ര.
Content Highlight: BJP workers arrested in Chennai with 4 crore rupees