ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ക്രമസമാധാനം തകര്‍ക്കുന്നു, നേതാക്കള്‍ കരുതിയിരിക്കുക; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി
national news
ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ക്രമസമാധാനം തകര്‍ക്കുന്നു, നേതാക്കള്‍ കരുതിയിരിക്കുക; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2022, 3:51 pm

ഹൈദരാബാദ്: നേതാക്കളോട് കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ടി.ആര്‍.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു.

തെലങ്കാനയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ടി.ആര്‍.എസ് എം.എല്‍.സി കവിതയുടെ പേര് ബി.ജെ.പി നേതാക്കള്‍ ദല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെടുത്തിയിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ഇടപാടുകളില്‍ ഏര്‍പ്പെടരുതെന്നാണ് റാവുവിന്റെ മുന്നറിയിപ്പ്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സികള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ക്കാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ടി.ആര്‍.എസ് നേതാക്കളെ എങ്ങനെയും കുടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിനാല്‍ തന്നെ രാജ്യത്തോ വിദേശത്തോ മറ്റുള്ളവര്‍ നടത്തുന്ന സാമ്പത്തികമോ അതുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളോ സംബന്ധിച്ച യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം മതത്തിന്റെയും സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങളുടെയും പേരില്‍ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എരവേലിയിലെ ഫാംഹൗസില്‍ നടന്ന യോഗത്തിലാണ് മന്ത്രിമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടന്നത്.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനുശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി ടി.ആര്‍.എസ് സര്‍ക്കാര്‍ ക്രമസമാധാനപാലനം കാര്യക്ഷമമായി നടത്തിവരികയാണ്. അതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വന്‍ നിക്ഷേപം സംസ്ഥാനത്തേക്ക് ഒഴുകി. ആളുകള്‍ക്ക് ജോലിയും സമ്പത്തും ലഭിച്ചു.

എന്നാല്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുകയാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.

Content Highlight: BJP workers are trying to disstabilizing the peace in state says telangana chief minister, warns ministers to take care of their actions