പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് ബി.ജെ.പി നേതാവ്, എങ്കില്‍ ശരിയായി പാടൂ എന്ന് മാധ്യമ പ്രവര്‍ത്തകന്‍; ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ നേതാവ്, വീഡിയോ
D' Election 2019
പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് ബി.ജെ.പി നേതാവ്, എങ്കില്‍ ശരിയായി പാടൂ എന്ന് മാധ്യമ പ്രവര്‍ത്തകന്‍; ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ നേതാവ്, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2019, 10:37 am

മൊറാദാബാദ്: പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബി.ജെ.പി നേതാവിനോട് വന്ദേ മാതരം പാടാന്‍ ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള ബി.ജെ.പി നേതാവ് ശിവം അഗര്‍വാളിനോടാണ് മാധ്യമ പ്രവര്‍ത്തകന്‍ വന്ദേ മാതരം പാടാന്‍ ആവശ്യപ്പെട്ടത്.

പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും രാജ്യത്തെ അപമാനിക്കുകയും ചെയ്‌തെന്നുമായിരുന്നു ശിവം അഗര്‍വാള്‍ വിമര്‍ശിച്ചത്.

എങ്കില്‍ താങ്കള്‍ ശരിയായി പാടൂ എന്ന് അഭിമുഖത്തിനിടെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ അഗര്‍വാള്‍ നിന്ന് പരുങ്ങുകയാണ് ചെയ്തത്. വന്ദേ മാതരത്തിന്റെ ഒരു വരിപോലും അഗര്‍വാളിന് ചൊല്ലാന്‍ കഴിഞ്ഞില്ല.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം. മോദി എന്താണ് റാലിക്കു ശേഷം പറഞ്ഞതെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ വന്ദേ മാതരം പാടാന്‍ നാണക്കേട് തോന്നുന്നവരെ കണ്ടെത്താന്‍ പറഞ്ഞെന്നായിരുന്നു മറുപടി. വി.വി.ഐ.പി പാസിലാണ് അഗര്‍വാള്‍ റാലിയില്‍ പങ്കെടുത്തത്.

വന്ദേമാതരത്തിന്റെ ചരിത്രം റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴും കൃത്യമായി പറയാന്‍ അഗര്‍വാളിനായില്ല. തുടര്‍ന്ന് ജനഗണമന പാടാന്‍ ആവശ്യപ്പെട്ടു. അതിനും അഗര്‍വാളിന് സാധിച്ചില്ല.