പ്രതാപ്ഘട്ട്: ബൈക്കുകളിലെത്തിയ അക്രമികള്‍ രാജസ്ഥാനില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്തു കൊന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന സമ്രാന്ത് കുമാവാത്തിനെയാണ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ബൈക്കുകളില്‍ എത്തിയ മൂന്നു പേര്‍ ആദ്യം സമ്രാന്തനെ വെടിവെച്ച് വീഴ്ത്തുകയും പിന്നീട് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തെക്കന്‍ രാജസ്ഥാനിലെ പ്രതാപ്ഘട്ട് നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം കണ്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാളുടെ മരണം സംഭവിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ ഇയാളുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. അക്രമികളെ ഉടന്‍ തന്നെ പിടികൂടുമെന്നും ആരെയും വെറുതെ വിടില്ലെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, സമ്രാന്തിന് ആരുമായും വ്യക്തിപരമായി ശത്രുതയുണ്ടായിരുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ദളിത് വിഭാഗക്കാരനായ സമ്രാന്ത് ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
കോണ്‍ഗ്രസ് നേതാവ് അശോഖ് ഗെലോട്ട് കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന് പിന്നിലുള്ളവരെ ഉടന്‍ തന്നെ പിടികൂടണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും അശോഖ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.