പത്തനംതിട്ട: താനെടുത്ത നിലപാടിനൊപ്പം പന്തളം കൊട്ടാരം കൂടെയുണ്ടാകുമെന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. കൊട്ടാരം ബി.ജെ.പിയുടെ നിലപാടിനൊപ്പം ഒരിക്കലും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.
ഇന്നലെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റിനോട് സംസാരിച്ചിരുന്നു, പന്തളം കൊട്ടാരം എപ്പോഴും സി.പി.ഐ.എമ്മിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
‘ഭരണഘടനാ ബെഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാനിരിക്കുകയാണ് ഞാന്‍. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായും എനിക്ക് ആത്മബന്ധമുണ്ട്. ബി.ജെ.പിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്നുകൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട.
ഇന്നലെ ഞാന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. ഞാനെന്റെ നിലപാടുകള്‍ പറഞ്ഞു. അനുഗ്രഹം തേടി. പന്തളം കൊട്ടാരം എനിക്കൊപ്പമാണ്. പന്തളം കൊട്ടാരം സി.പി.ഐ.എമ്മിനൊപ്പമുണ്ടാകും. സി.പി.ഐഎമ്മിനെ വളര്‍ത്താന്‍ വളരെ പങ്കുവഹിച്ചവരാണ് പന്തളം കൊട്ടാരം. അവര്‍ക്ക് എങ്ങനെ സി.പി.ഐ.എമ്മിനെ ഒഴിവാക്കാന്‍ പറ്റും. പന്തളം കൊട്ടാരത്തെ വേദനിപ്പിച്ച ഒരു വിഷയമുണ്ട്. വിശ്വാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളില്‍ അവര്‍ക്ക് പങ്കാളിയായേ പറ്റൂ. അതുകൊണ്ട് അവരുടെ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് മാറ്റം സംഭവിക്കുമോ,’ കൃഷ്ണകുമാര്‍ ചോദിക്കുന്നു.
ബി.ജെ.ി നേതാവായിരുന്ന കൃഷ്ണകുമാറടക്കം മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് പന്തളത്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ശബരിമല നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് എസ്. കൃഷ്ണകുമാര്‍. എന്നാല്‍ സി.പി.ഐ.എമ്മിലേക്ക് പോയവരുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി പറയുന്നത്.
ശബരിമല പ്രശ്‌നം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി നീക്കത്തിനിടെയാണ് പന്തളത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയത്.
ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ.സുരേന്ദ്രന്‍ കാട്ടില്‍ കൂടി ശബരിമലയിലെത്തിയതെന്നും എസ്.കൃഷ്ണകുമാര്‍ വിമര്‍ശിച്ചു.
ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ല. യു.ഡി.എഫും ബി.ജെ.പിയും ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാതിരുന്നാല്‍ ഇവിടെ ഒരു പ്രശ്നവുമുണ്ടാകില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരാണെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും അത് ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ വലിയ പ്രശ്നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ തോന്നല്‍. അവരങ്ങനെ മാറിയിരിക്കുന്നു. ഇതാണ് കേരളത്തിലെ ബി.ജെ.പി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക