അന്തിക്കാട്: കള്ളനോട്ട് കേസില്‍ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസറ്റില്‍. 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് മൂന്നാമതും പിടിയിലായത്.
കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.
കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് രാകേഷിനെ പൊലീസ് പിടികൂടിയത്.
രാകേഷ് യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവായ രാകേഷിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ബി.ജെ.പിക്കെതിരെ രാകേഷിനെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്.
ലക്ഷങ്ങളുടെ കള്ളനോട്ടുമായിട്ടായിരുന്നു രാകേഷിന്റെ രണ്ടാമത്തെ അറസ്റ്റ്.