ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ, 'പുണ്യവും' കിട്ടും; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി
national news
ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ, 'പുണ്യവും' കിട്ടും; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 12:10 pm

ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.

സുരേഖി ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത് മോദി സര്‍ക്കാരാണെന്നും ഒരു സ്ത്രീയോട് ബി.ജെ.പി പ്രവര്‍ത്തകന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയ്‌സിംഗ് നഗറിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായ നരേന്ദ്ര ആത്തിയ ആണ് രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടിയത്.

‘മോദിജിയാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുകയാണെങ്കില്‍ ക്ഷേത്രത്തിനായി ഒരു കല്ല് പതിപ്പിച്ചു എന്നതിന് തുല്യമാണ്. ആ വോട്ടോട് കൂടി നിങ്ങള്‍ക്ക് പുണ്യം ലഭിക്കും’, നരേന്ദ്ര പറഞ്ഞു.

സുരേഖി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗതാഗത മന്ത്രി ഗോവിന്ദ് സിംഗ് രജ്പുതിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കവേയാണ് നരേന്ദ്ര ഇത്തരം പരാമര്‍ശം നടത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച 22 എം.എല്‍.എമാരില്‍ ഒരാളാണ് ഗോവിന്ദ് സിംഗ്.

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ അവസാനത്തോടെയാണ് നടക്കുന്നത്.

അതേസമയം വികസനപ്രവര്‍ത്തനങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് ബി.ജെ.പി രാമക്ഷേത്രം പ്രചരണായുധമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP worker asks for vote in name of Ram temple