| Saturday, 10th April 2021, 11:35 am

ബി.ജെ.പി മഹിളാ മോര്‍ച്ച ജില്ലാ നേതാവിനെ മര്‍ദിച്ച സംഭവം; ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി മഹിളാ മോര്‍ച്ച ജില്ലാ നേതാവിനെ മര്‍ദിച്ച കേസില്‍ ബി.ജെ.പി കൊച്ചി നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് അറസ്റ്റില്‍. കഴിഞ്ഞ മാസം 11 ന് റിട്ടയര്‍ഡ് അധ്യാപികയുടെ വീടിന് ചുറ്റുമതില്‍ കെട്ടുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും മഹിളാ മോര്‍ച്ചാ നേതാവ് ഇത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് അടക്കമുള്ള ചിലര്‍ മഹിളാ മോര്‍ച്ചാ നേതാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് അധ്യാപികയോട് ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിക്കാര്‍ കൈക്കൂലി ചോദിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ലേഖ നായിക്കുമായി പ്രവര്‍ത്തകര്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ലേഖയെ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നായിരുന്നു പരാതി.

തോപ്പുംപടി സാന്തോം പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട. പ്രധാനാധ്യാപിക മേരിയായിരുന്നു തറവാട് സ്വത്തായി ലഭിച്ച പുരയിടത്തിന് ചുറ്റുമതില്‍ കെട്ടാന്‍ ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ എത്തുകയും ചുറ്റുമതില്‍ കെട്ടുന്നത് തടയുകയായിരുന്നു.

തുടര്‍ന്ന് മേരി രേഖകളെല്ലാം കാണിച്ചെങ്കിലും തങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ മതില്‍ കെട്ടാന്‍ അനുവദിക്കാമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് ബി.ജെ.പി മഹിളാ മോര്‍ച്ചാ ജില്ലാ നേതാവ് സംഭവസ്ഥലത്ത് എത്തിയത്.

എന്നാല്‍ സ്ഥലത്തെത്തിയ ലേഖയോട് ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ തര്‍ക്കിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ മര്‍ദ്ദിച്ചെന്നാണ് മഹിളാ മോര്‍ച്ചാ നേതാവ് പരാതിപ്പെട്ടത്.

എന്നാല്‍ ആരോപണം എന്‍.എ സുമേഷ് നിഷേധിച്ചിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടത്തിയതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ന്യായീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Worker arrested for Beating Mahila Morcha Leader

Latest Stories

We use cookies to give you the best possible experience. Learn more