കൊച്ചി: ബി.ജെ.പി മഹിളാ മോര്‍ച്ച ജില്ലാ നേതാവിനെ മര്‍ദിച്ച കേസില്‍ ബി.ജെ.പി കൊച്ചി നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് അറസ്റ്റില്‍. കഴിഞ്ഞ മാസം 11 ന് റിട്ടയര്‍ഡ് അധ്യാപികയുടെ വീടിന് ചുറ്റുമതില്‍ കെട്ടുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും മഹിളാ മോര്‍ച്ചാ നേതാവ് ഇത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് അടക്കമുള്ള ചിലര്‍ മഹിളാ മോര്‍ച്ചാ നേതാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് അധ്യാപികയോട് ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിക്കാര്‍ കൈക്കൂലി ചോദിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ലേഖ നായിക്കുമായി പ്രവര്‍ത്തകര്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ലേഖയെ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നായിരുന്നു പരാതി.
തോപ്പുംപടി സാന്തോം പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട. പ്രധാനാധ്യാപിക മേരിയായിരുന്നു തറവാട് സ്വത്തായി ലഭിച്ച പുരയിടത്തിന് ചുറ്റുമതില്‍ കെട്ടാന്‍ ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ എത്തുകയും ചുറ്റുമതില്‍ കെട്ടുന്നത് തടയുകയായിരുന്നു.
തുടര്‍ന്ന് മേരി രേഖകളെല്ലാം കാണിച്ചെങ്കിലും തങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.