Advertisement
national news
മനുഷ്യക്കടത്ത് കേസില്‍ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് ലഖ്‌നൗ തീവ്രവാദ വിരുദ്ധ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 03, 02:51 pm
Wednesday, 3rd July 2024, 8:21 pm

ലഖ്‌നൗ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പി യുവജന വിഭാഗം പ്രവര്‍ത്തകന്‍ ബിക്രം റോയിയെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദയിലെ വസതിയില്‍ നിന്നാണ് റോയിയെ ലഖ്‌നൗ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) പിടികൂടിയത്.

വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ചന്നെും ബംഗ്ലാദേശി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ സൗകര്യമൊരുക്കിയന്നെുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിക്രം റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായി പലതവണ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി പൗരനുമായുള്ള ഫോണ്‍ സംഭാഷണം ലഭിച്ചതിന് പിന്നാലെയാണ് ബിക്രം റോയിയെ ട്രാക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ രംഗത്തെത്തി. ഭീകരര്‍ക്കും ദേശവിരുദ്ധര്‍ക്കും പാര്‍ട്ടിയില്‍ ബി.ജെ.പി
അഭയം നല്‍കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

‘തീവ്രവാദികള്‍ക്കും ദേശവിരുദ്ധ ഘടകങ്ങള്‍ക്കും അഭയം നല്‍കുകയാണ് മോദിയുടെ ഗ്യാരന്റി. ബംഗാളില്‍ പെണ്‍വാണിഭത്തിന് ബി.ജെ.പി നേതാക്കള്‍ പിടിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, വ്യാജ രേഖകള്‍ ഉപയോഗിച്ച് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ സൗകര്യമൊരുക്കിയതിന് ബി.ജെ.പിയുടെ യുവമോര്‍ച്ച നേതാവ് ഇപ്പോള്‍ അറസ്റ്റിലായി. ഇനിയും എത്ര ക്രിമിനലുകള്‍ക്ക് അഭയം നല്‍കുന്നുണ്ടെന്ന് ബി.ജെ.പി ഉത്തരം പറയണം,’ തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

വ്യാജരേഖ ചമയ്ക്കല്‍, മനുഷ്യക്കടത്ത്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗാളിലെ ബോംഗാവ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ലക്‌നൗ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യുന്നതിനായി മാത്രമാണ് ബിക്രം റോയിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് ബി.ജെ.പിയുടെ വിശദീകരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പിയുടെ ബോംഗാവ് സംഘടനാ പ്രസിഡന്റ് ദേവദാസ് മൊണ്ടല്‍ പറഞ്ഞു.

Content Highlight: BJP worker arrested by Lucknow Anti-Terrorist Squad for human trafficking