ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ആളെ എത്തിക്കുന്നതിനായി ട്രെയിന്‍ ബുക്കു ചെയ്ത വകയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വന്‍ കടബാധ്യത. 12.3 ലക്ഷം രൂപയാണ് റെയില്‍വേയ്ക്ക് നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ വിനോദ് സാമരിയ പറയുന്നത്.
രണ്ടുവര്‍ഷം മുമ്പ് മോദി സ്ഥാനാര്‍ത്ഥിയായിരിക്കുന്ന സമയത്ത് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്നതിനായി ആളെ എത്തിച്ചതിനെ തുടര്‍ന്നാണ് വിനോദ് സാമരിയ കടക്കാരനായത്. ഫത്തേപ്പൂര്‍ സിക്രിയില്‍ ബി.ജെ.പി ജില്ലാ ഘടകത്തിന്റെ ചുമതലയുണ്ടായിരുന്നു ഇദ്ദേഹത്തിനായി ഫത്തേപ്പൂരില്‍ നിന്നും ദല്‍ഹിയിലേക്കു ആളെ എത്തിക്കാനുള്ള ചുമതലയുണ്ടായിരുന്നത്.
ഇതിനുവേണ്ടി 19 കോച്ചുകളാണ് അദ്ദേഹം ബുക്കു ചെയ്തത്. 2014 മാര്‍ച്ച് 1ന് ഈ ട്രെയിന്‍ ലക്‌നൗവിലേക്കു പോകുകയും റാലിയില്‍ പങ്കെടുത്തശേഷം പ്രവര്‍ത്തകരെയും കൊണ്ടു മടങ്ങുകയും ചെയ്തു.
മാര്‍ച്ച് 11ന് പണമടയ്ക്കാത്തതിന് റെയില്‍വേയില്‍ നിന്നും സാമരിയയ്ക്ക് നോട്ടീസ് ലഭിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പണമടക്കാന്‍ നടപടിയെടുത്തില്ലെന്നാണ് സാമരിയ പറയുന്നത്.
“സംസ്ഥാന തലത്തിലുളള എല്ലാവരോടും ഞാന്‍ സംസാരിച്ചു. വിഷമിക്കേണ്ടെന്ന് അവര്‍ എന്നോടു പറഞ്ഞു. പക്ഷെ ഞാനും റെയില്‍വേയും തമ്മിലുള്ള പ്രശ്‌നമാണിത്. കടബാധ്യത കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, ഞാന്‍
എന്താണ് ചെയ്യേണ്ടത്?” അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞുരണ്ടുവര്‍ഷത്തിനിടെ സാമരിയയ്ക്ക് റെയില്‍വേയില്‍ നിന്നും നിരവധി നോട്ടീസുകള്‍ ലഭിച്ചു. പാര്‍ട്ടി നേതൃത്വവുമായി പലതവണ ബന്ധപ്പെട്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ല.
ട്രെയിന്‍ ബുക്കുചെയ്യാന്‍ ബി.ജെ.പി 12 ലക്ഷം രൂപ അടയ്ക്കുകയും 6 ലക്ഷം സെക്യൂരിറ്റിയായി നല്‍കുകയും ചെയ്തു. യാത്രയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നാലു സ്‌റ്റേഷനുകളില്‍ നിര്‍ത്തിയതുവഴി സാമരിയ 12 ലക്ഷം രൂപകൂടി നല്‍കണമെന്നാണ് റെയില്‍വേ പറയുന്നത്.