| Tuesday, 6th November 2018, 1:46 pm

ഷിമോഗയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബി.ജെ.പി; മറ്റുനാലിടങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ഉപതെരഞ്ഞെടുപ്പു നടന്ന ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബി.ജെ.പി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ് യെദ്യൂരപ്പ മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. എന്നാലിപ്പോള്‍ മകന് 52148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു.

Also Read:“അടിച്ചു കൊല്ലെടാ അവളെ”; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.

ഷിമോഗയില്‍ പാര്‍ട്ടി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെങ്കില്‍ ബി.ജെ.പി വിജയത്തോടു പ്രതികരിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിയത് മോദി സര്‍ക്കാറിനെ ജനങ്ങള്‍ തള്ളിയെന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. മാറ്റത്തിനുള്ള സമയം വന്നുകഴിഞ്ഞുവെന്ന് രാജ്യത്തിന് രാജ്യത്തിന് മുഴുവന്‍ സന്ദേശം നല്‍കുകയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

Also Read:കോണ്‍ഗ്രസ്- ജെ.ഡി.എസ് കുതിപ്പില്‍ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് 15 വര്‍ഷത്തെ ബി.ജെ.പി ഭരണം; വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ നേതാക്കള്‍

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

We use cookies to give you the best possible experience. Learn more