| Sunday, 10th September 2023, 4:22 pm

ത്രിപുരയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ബി.ജെ.പി 88% വോട്ട് നേടിയതെങ്ങനെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗർത്തല: ആറ് മാസം മുമ്പ് സി.പി.ഐ.എം വിജയിച്ച മണ്ഡലമാണ് 88% വോട്ടുകൾ നേടിക്കൊണ്ട് ബി.ജെ.പി ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ നേടിയത്.

മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്തി ത്രിപുരയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബോക്സാനഗർ മണ്ഡലത്തിൽ ബി.ജെ.പി കനത്ത വിജയം നേടിയപ്പോൾ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സി.പി.ഐ.എം ആരോപണം.

ബി.ജെ.പി ഇതര വോട്ടുകളിൽ വിള്ളൽ ഉണ്ടാകുന്നത് തടയാൻ ഇന്ത്യൻ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

2011 സെൻസസ് പ്രകാരം ബോക്സാനഗറിലെ 50 ശതമാനത്തിൽ കൂടുതലും മുസ്‌ലിങ്ങളാണ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വോട്ടർമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനും വീണ്ടും പോളിങ് നടത്താനും സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു.

ആരോപണങ്ങൾ തള്ളിക്കൊണ്ട് ബി.ജെ.പിയും രംഗത്ത് വന്നു. സുഖിപ്പിക്കുന്നവരെ ജനം വിശ്വസിക്കില്ലെന്നും മുസ്‌ലിം സമുദായം പോലും പാർട്ടിയുടെ “സബ്കാ സാത്, സബ്കാ വികാസ്” (എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം) മുന്നേറ്റത്തിൽ വിശ്വസിക്കുന്നുവെന്നും ബി.ജെ.പി പറഞ്ഞു.

ധൻപൂരിലും ബോക്സാനഗറിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ധൻപൂർ ബി.ജെ.പി നിലനിർത്തിയപ്പോൾ അപ്രതീക്ഷിതമായ വോട്ട് വിഹിതം നേടിക്കൊണ്ട് ബോക്സാനഗറിൽ സി.പി.ഐ.എമ്മിനെ അട്ടിമറിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 37.76 ശതമാനം വോട്ട് നേടിയ സ്ഥാനത്താണ് 87.97 ശതമാനം വോട്ട് നേടി ബി.ജെ.പിയുടെ തഫജ്ജൽ ഹൊസൈൻ മണ്ഡലത്തിൽ വിജയിച്ചത്.

സിപിഐഎം സിറ്റിങ് എം.എൽ.എയായിരുന്ന ശംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഹഖിന്റെ മകൻ മിസാൻ ഹുസൈനാണ് ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ സി.പി.ഐ.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകൾ ഉണ്ടാകാതെ ഏകപക്ഷീയമായി ഇടത് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായി റാലികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ട് നിന്ന കോൺഗ്രസ് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നാണ് വോട്ടർമാരോട് അഭ്യർത്ഥിച്ചത്.
ബോക്‌സാനഗറിൽ സ്ഥാനാർത്ഥിയെ നിർത്തില്ല എന്ന കോൺഗ്രസ് തീരുമാനം പ്രദേശത്തെ സംഘടനാ അടിത്തറയുടെ തകർച്ചയ്ക്കും കാരണമായി.

ബോക്സാനഗറിൽ നിന്ന് രണ്ട് തവണ കോൺഗ്രസ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബില്ലാൽ മിയ, ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി മണിക് സാഹയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. 1988 നും 1993 നും ഇടയിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റായും കോൺഗ്രസ് സർക്കാരിൽ മന്ത്രിയായും മിയ പ്രവർത്തിച്ചിരുന്നു. മിയയുടെ ചുവട് മാറ്റം തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ മാറാൻ പോകുന്നില്ലെന്നും സി.പി.ഐ.എമ്മിന് വോട്ട് ചെയ്തത് കൊണ്ട് പ്രയോജനമില്ലെന്നും ന്യൂനപക്ഷങ്ങൾക്ക് അതറിയാമെന്നും ഇതാണ് ബി.ജെ.പിയുടെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്നും ബി.ജെ.പി നേതാക്കൾ ദി പ്രിന്റിനോട് പറഞ്ഞു.

ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച തഫജ്ജൽ ഹൊസൈനും പ്രദേശത്തെ ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു. 2013ൽ അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

“അദ്ദേഹത്തിന് പ്രദേശത്ത് ആഴത്തിലുള്ള സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി ശക്തവും രാഷ്ട്രീയമായി സജീവവുമാണ്. പരമ്പരാഗതമായി അവർ കോൺഗ്രസ് അനുകൂലികളാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ വോട്ട് വിഹിതം 5.43 ശതമാനമായി കുറഞ്ഞതോടെയാണ് ഈ മേഖലയിൽ കോൺഗ്രസിന്റെ തകർച്ച ആരംഭിച്ചത്. 2018ൽ പോലും ബോക്സാനഗറിൽ ബി.ജെ.പി 34.45 ശതമാനം വോട്ട് നേടിയിരുന്നു,” കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇതിനു വിപരീതമായി, ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിൽ സി.പി.ഐ.എം സ്ഥാനാർത്ഥി മിസാൻ ഹുസൈൻ പരാജയപ്പെട്ടുവെന്നും വോട്ടെടുപ്പ് ദിവസം പോലും അദ്ദേഹം വീട്ടിൽ തന്നെ ഇരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി നിയന്ത്രിക്കുന്ന ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും കോൺഗ്രസ് നേതാക്കളും ത്രിപുരയിലെ പ്രതിപക്ഷ പാർട്ടിയായ തിപ്ര മോതയും പറഞ്ഞു.

അതേസമയം, ഈ ആരോപണങ്ങളെയെല്ലാം തള്ളുകയാണ് സി.പി.ഐ.എം നേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ നിലപാട്.
‘തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഞങ്ങളുടെ വാദം ശരി വെക്കുന്നതാണ് ഫലം. വെറും ആറ് മാസം മുമ്പ് 5,000 വോട്ടുകൾക്കാണ് ഞങ്ങളുടെ സ്ഥാനാർത്ഥി ബോക്സാനഗറിൽ വിജയിച്ചത്. എന്നാൽ ഈ പ്രാവശ്യം 3,000 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. ഇത് വോട്ടർമാരുടെ ഹിതമല്ല വ്യക്തമാക്കുന്നത്. ബി.ജെ.പി ത്രിപുരയെ ഏകാധിപത്യ നയങ്ങളുടെ പരീക്ഷണ ശാലയാക്കി മാറ്റിയിരിക്കുകയാണ്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് വെള്ളിയാഴ്ച പറഞ്ഞു.

പ്രവർത്തകരും നേതാക്കളും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവത്തിൽ ബി.ജെ.പിയെ നേരിടാനുള്ള ഇന്ത്യ മുന്നണിയുടെ പരിമിതി വെളിപ്പെടുത്തുന്നതാണ് ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

Content Highlight: how BJP won 88% vote in Tripura’s Muslim-dominated Boxanagar?

We use cookies to give you the best possible experience. Learn more