വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സ്ത്രീ പ്രവേശത്തെ മുന്‍നിര്‍ത്തിയുള്ള പ്രചരണം വേണ്ടെന്ന തീരുമാനമെടുക്കാന്‍ ഒരുങ്ങി ബിജെപി. ശബരിമലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറാനാണ് ബിജെപി ഒരുങ്ങുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ചര്‍ച്ചയായെങ്കിലും യുഡിഎഫ് വോട്ടുകള്‍ കൊണ്ടുപോയ സാഹചര്യത്തിലാണ് ബിജെപി പുതിയ തീരുമാനം.
ശബരിമലയെ ചൊല്ലി നടക്കുന്ന സമരങ്ങളില്‍ ഇനി ധാര്‍മ്മികമായ പിന്തുണ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവിധ മോര്‍ച്ച അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. ഫലത്തില്‍ ശബരിമല കര്‍മ്മ സമിതി മാത്രമായിരിക്കും സമരത്തിനുണ്ടാവുകയെന്നാണ് ചുരുക്കം.
ശബരിമല തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായെങ്കിലും ഇതിന്റെ ഗുണം ലഭിച്ചത് തങ്ങള്‍ക്കല്ല യുഡിഎഫിനാണെന്ന് ബിജെപി വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഉണ്ടായി. പ്രക്ഷോഭങ്ങള്‍ അക്രമസ്വഭാവത്തിലേക്ക് നീങ്ങിയതോടെ സമാധാനകാംക്ഷികളുടെ വോട്ടും നിരന്തരമായ ഹര്‍ത്താലുകള്‍ വ്യാപാരികളുടെ വോട്ടുകളും യുഡിഎഫിന് ലഭിക്കുന്ന അവസ്ഥയുണ്ടായി. ബിജെപിയെ അവര്‍ തള്ളിക്കളഞ്ഞെന്നും വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് ബിജെപി പുതിയ തീരുമാനത്തിലേക്ക് കടക്കുന്നത്. ശബരിമല കര്‍മ്മസമിതിക്ക് വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ശബരിമലയെ മുന്‍നിര്‍ത്തി വലിയ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു സമിതിയുടെ കണക്ക്കൂട്ടല്‍.