| Wednesday, 18th December 2019, 11:20 am

കാസര്‍കോട്ടെ ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി; തലശ്ശേരിയില്‍ ബി.ജെ.പിക്ക് പ്രഹരമേല്‍പ്പിച്ച് യു.ഡി.എഫ്; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ആദ്യഘട്ട ഫലം പുറത്തുവന്നു തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ അട്ടിമറിയുണ്ടായതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വൈക്കം നഗരസഭയിലെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചപ്പോള്‍, തലശ്ശേരി നഗരസഭയില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചു.

വൈക്കം നഗരസഭയിലെ 21-ാം വാര്‍ഡില്‍ ബി.ജെ.പിയുടെ കെ.ആര്‍ രാജേഷാണ് 79 വോട്ടുകള്‍ക്കു ജയിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.വി സത്യനായിരുന്നു വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ ഗേറ്റില്‍ യു.ഡി.എഫിന്റെ എ.കെ സക്കറിയ 63 വോട്ടുകള്‍ക്കാണു വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാസര്‍കോട് നഗരസഭാ ഹൊന്നമൂല വാര്‍ഡില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കമ്പ്യൂട്ടര്‍ മൊയ്തീന്‍ വിജയിച്ചത്. 141 വോട്ടിനാണു വിജയം.

യു.ഡി.എഫ് 351 വോട്ട് നേടിയപ്പോള്‍ 492 വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. 212 വോട്ടാണ് എന്‍.ഡി.എയ്ക്കു ലഭിച്ചത്. അതേസമയം തെരുവത്ത് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 79 വോട്ടിനാണ് കോണ്‍ഗ്രസിന്റെ സുധാ രാജീവന്‍ വിജയിച്ചത്.

ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി പ്രശാന്ത് വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.കെ നിര്‍മല 114 വോട്ടിനാണു വിജയിച്ചത്.

കണ്ണൂര്‍ കോര്‍പറേഷന്‍ എടക്കാട് ഡിവിഷ എല്‍.ഡി.എഫ് നിലനിര്‍ത്തി. 256 വോട്ടിനാണ് എല്‍.ഡി.എഫിന്റെ പി. പ്രശാന്ത് ഇവിടെ വിജയിച്ചത്.

ഒറ്റപ്പാലം നഗരസഭയിലെ ചേരിക്കുന്ന് വാര്‍ഡ് സി.പി.ഐ.എം നിലനിര്‍ത്തി. 117 വോട്ടിനാണ് പി.ആര്‍ ശോഭന ഇവിടെ വിജയിച്ചത്.

കോന്നി ഗ്രാമപ്പഞ്ചായത്തിലെ എലിയറയ്ക്കല്‍ വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. 56 വോട്ടിനാണ് യു.ഡി.എഫിന്റെ ലീലാ റാണി ഇവിടെ വിജയിച്ചത്.

കണ്ണൂര്‍ രാമന്തളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് സി.പി.ഐ.എം നിലനിര്‍ത്തി. 176 വോട്ടുകള്‍ക്കാണ് വി. പ്രമോദ് ഇവിടെ വിജയിച്ചത്. അരൂക്കുറ്റി പഞ്ചായത്തിലെ 11-ാം വാര്‍ഡും സി.പി.ഐ.എം നിലനിര്‍ത്തി. 34 വോട്ടുകള്‍ക്കായിരുന്നു ഒ.കെ ബഷീറിന്റെ വിജയം.

മലപ്പുറം പുല്‍പ്പറ്റ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 183 വോട്ടുകള്‍ക്കാണ് സ്ഥാനാര്‍ഥി സലീന ഇവിടെ വിജയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more