| Monday, 4th March 2024, 1:15 pm

എ.എ.പി- കോൺ​ഗ്രസ് സഖ്യത്തിന് തിരിച്ചടി; ചണ്ഡീ​ഗഡ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീ​ഗഡ്: ചണ്ഡീഗഡിൽ സീനിയര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം. ബി.ജെ.പിയുട കുല്‍ജിത്ത് സിങാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെയാണ് ബി.ജെ.പിയുടെ വിജയം.

ഇവരെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ കുല്‍ജിത്ത് സിങ് വിജയിച്ചത്. എ.എ.പിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത്.

ബി.ജെ.പിക്ക് ആകെ 19 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ എ.എ.പി കോണ്‍ഗ്രസ് സഖ്യത്തിന് ആകെ 16 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ, ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണാധികാരിയുടെ നേതൃത്വത്തില്‍ കൃത്രിമത്വം നടത്തിയ സംഭവം സുപ്രീം കോടതി വരെ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതായാണ് ആദ്യം പ്രഖ്യാപനം വന്നത്. എന്നാൽ മേയര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടു. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ബി.ജെ.പി സര്‍ക്കാരിനും നരേന്ദ്ര മോദിക്കും വന്‍ തിരിച്ചടി ആയി മാറിയിരുന്നു.

പിന്നീട് എ.എ.പി- കോൺ​ഗ്രസ് സഖ്യമാണ് വിജയിച്ചതെന്ന് കോടതി പ്രഖ്യാപിച്ചു. 36 അംഗ നഗരസഭാ കൗണ്‍സിലിലെ മേയര്‍ സ്ഥാനത്തേക്ക് നേരത്തെ ലഭിച്ച 20 വോട്ടുകളോടൊപ്പം സാധുവായ എട്ട് വോട്ടുകളും ചേരുമ്പോള്‍ ഇന്ത്യാ മുന്നണിയുടെ കുല്‍ദീപ് കുമാര്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിനെതിരെ കോടതി ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഭരണാധികാരിയായ അനില്‍ മസീഹിനെതിരെ നടപടി എടുക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അധികാരികളുടെ നീക്കങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധി പ്രഖ്യാപിച്ചത്.

Contant Highlight: BJP wins in Chandigarh mayoral election

We use cookies to give you the best possible experience. Learn more